കുവൈത്തിൽ കനത്ത ചൂടും കാറ്റും രണ്ടാഴ്ച കൂടി തുടരും; സെപ്റ്റംബറോടെ ആശ്വാസം 

 

കുവൈത്തിൽ കനത്ത ചൂടും വരണ്ട വടക്കുപടിഞ്ഞാറൻ കാറ്റും രണ്ടാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനമാണ് ഉയർന്ന താപനിലയ്ക്കും പൊടിക്കാറ്റിനും കാരണമാകുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ വീശിയ അൽ ശിമാൽ കാറ്റ് കാഴ്ചപരിധി കുറയ്ക്കുകയും പൊടിപടലങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു. ഓഗസ്റ്റ് അവസാനത്തോടെ കഠിനമായ ചൂടിന് ആശ്വാസമാകും. ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിലുള്ള പകൽസമയ പുറംതൊഴിൽ വിലക്ക് ഓഗസ്റ്റ് 31-ന് അവസാനിക്കും.

സെപ്റ്റംബർ പകുതിയോടെ താപനില കുറഞ്ഞുതുടങ്ങും. ഒക്ടോബറോടെ മിതമായതും സുഖകരവുമായ കാലാവസ്ഥയിലേക്കും നവംബറോടെ തണുപ്പുകാലത്തിലേക്കും കുവൈത്ത് കടക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.