ഗൾഫിൽ കനത്ത ചൂട്; ഒമാൻ, ഖത്തർ, ബഹ്‌റൈൻ രാജ്യങ്ങളിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ, ലംഘിച്ചാൽ കടുത്ത ശിക്ഷ
കടുത്ത വേനൽച്ചൂടിൽ നിന്ന് തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഒമാൻ, ഖത്തർ, ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഉച്ചസമയത്തെ പുറംജോലി വിലക്ക് (Midday Work Ban) പ്രാബല്യത്തിൽ വരുന്നു. നിയമം ലംഘിച്ച് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന കമ്പനികൾക്കെതിരെ വൻ തുക പിഴയും തടവും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട മന്ത്രാലയങ്ങൾ മുന്നറിയിപ്പ് നൽകി.
ഖത്തറിൽ നിയന്ത്രണം ഇന്ന് മുതൽ; ഖബറടക്ക ചടങ്ങുകൾക്കും സമയം മാറ്റി
ഖത്തറിൽ ഇന്ന് (ജൂൺ 1) മുതൽ സെപ്റ്റംബർ 15 വരെയാണ് ഉച്ചവിശ്രമ നിയമം ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 10:00 മണി മുതൽ ഉച്ചതിരിഞ്ഞ് 3:30 വരെ തുറസ്സായ സ്ഥലങ്ങളിലെ എല്ലാത്തരം പുറംജോലികളും മന്ത്രാലയം നിരോധിച്ചു. നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ സ്ഥാപനം അടച്ചുപൂട്ടൽ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ കടുത്ത നടപടികളുണ്ടാകും.
കടുത്ത ചൂട് പരിഗണിച്ച് ഉച്ചനേരത്തെ ഖബറടക്ക ചടങ്ങുകൾക്കും മുനിസിപ്പാലിറ്റി മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചടങ്ങുകൾ രാവിലെ 8:00 മണിക്ക് മുൻപോ അല്ലെങ്കിൽ സൂര്യാസ്തമയത്തിന് ശേഷമോ മാത്രമേ നടത്താവൂ എന്നാണ് പുതിയ നിർദ്ദേശം.
ബഹ്‌റൈനിൽ ജൂൺ 15 മുതൽ; ലംഘിച്ചാൽ തടവും പിഴയും
ബഹ്‌റൈനിൽ ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെയാണ് ഉച്ചസമയത്തെ ജോലി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 12:00 മണി മുതൽ വൈകുന്നേരം 4:00 മണി വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന രീതിയിൽ തൊഴിലാളികളെ ജോലി ചെയ്യിക്കാൻ പാടില്ല. നിയമം ലംഘിക്കുന്ന തൊഴിലുടമകൾക്ക് 3 മാസം വരെ തടവോ, 500 മുതൽ 1,000 ദിനാർ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.
ബോധവൽക്കരണത്തിനായി സ്വകാര്യ സ്ഥാപനങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കായി മന്ത്രാലയം പ്രത്യേക വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കും. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി 17873921 എന്ന ഹോട്ട്‌ലൈൻ നമ്പറും (രാവിലെ 7 മുതൽ വൈകിട്ട് 4 വരെ) വാട്‌സ്ആപ്പ് സൗകര്യവും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
ഒമാനിൽ ഇന്ന് മുതൽ 500 റിയാൽ വരെ പിഴ
ഒമാനിൽ കൊടും ചൂടിൽ നിന്നുള്ള തൊഴിലാളി സംരക്ഷണത്തിന്റെ ഭാഗമായുള്ള ഉച്ചവിശ്രമം ഇന്ന് (ജൂൺ 1) മുതൽ പ്രാബല്യത്തിൽ വരും. ഉച്ചയ്ക്ക് 12:30 മുതൽ 3:00 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന തരത്തിലുള്ള ജോലികൾ ചെയ്യിക്കുന്നത് തൊഴിലാളികളുടെ അവകാശ ലംഘനമായി കണക്കാക്കും. നിയമം ലംഘിച്ചാൽ 500 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴയും ഒരു വർഷം വരെ തടവുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാകും.