വാരാന്ത്യത്തിൽ അതികഠിന ചൂടിന് സാധ്യത;നിർദേശവുമായി കുവൈറ്റ്

 

രാജ്യത്ത് വാരാന്ത്യത്തിൽ പകൽ സമയങ്ങളിൽ അതികഠിനമായ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കുവൈറ്റ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കഴിഞ്ഞ ദിവസം നഗരങ്ങളിൽ ശരാശരി 45 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.തീരപ്രദേശങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും വാരാന്ത്യത്തിൽ ചില സ്ഥലങ്ങളിൽ ഇത് 50 ഡിഗ്രി വരെ എത്താൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ അറിയിച്ചു.

കടുത്ത ചൂട് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാമെന്നതിനാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിച്ചു. കാലാവസ്ഥ സംബന്ധമായ കൃത്യമായ വിവരങ്ങൾക്ക് ഔദ്യോഗിക ചാനലുകൾ മാത്രം പിന്തുടരണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് ദിനചര്യകൾ ആസൂത്രണം ചെയ്യണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.