തൊഴിൽ, സന്ദർശക വിസയുടെ പേരിൽ വ്യാജ പരസ്യം; ജാഗ്രതാ നിർദേശവുമായി ദുബൈ പോലീസ്

 

സന്ദർശക, തൊഴിൽ, റസിഡൻസ് വിസകൾ വാഗ്ദാനം ചെയ്ത് വ്യാജ പരസ്യങ്ങൾ നൽകുന്നവർക്കെതിരെ ജാഗ്രതാനിർദേശവുമായി ദുബൈ പോലീസ്. ലൈസൻസില്ലാത്ത സ്ഥാപനങ്ങളുടെയും പ്രമുഖ ഔദ്യോഗിക സ്ഥാപനങ്ങളുടെയും പേരിൽ വ്യാജ മേൽവിലാസങ്ങൾ നിർമിച്ചാണ് തട്ടിപ്പുകാർ ആളുകളെ വലയിലാക്കുന്നത്. ദുബൈ പോലീസിന്റെ 'Be aware of fraud' ബോധവത്കരണ പ്രചാരണത്തിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്.

വിസയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴിയോ അംഗീകൃത സേവന കേന്ദ്രങ്ങൾ (ആമർ സെന്ററുകൾ ഉൾപ്പെടെ) വഴിയോ മാത്രം നടപ്പിലാക്കണമെന്ന് അധികൃതർ നിർദേശിച്ചു. പ്രധാനമായും സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. ഇത്തരം വ്യാജ പരസ്യങ്ങൾ കണ്ട് പണം അയക്കുകയോ വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ ചെയ്യരുതെന്നും ദുബൈ പോലീസ് ഓർമ്മിപ്പിച്ചു.