വ്യാജ കോളുകളും വെബ്സൈറ്റുകളും; മുന്നറിയിപ്പുമായി യുഎഇ ഐസിപി
യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്ന പേരും ലോഗോയും ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകൾക്കെതിരെ അധികൃതർ കർശന മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്. വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിനും ഹാക്കിംഗിനുമായി തട്ടിപ്പുകാർ വ്യാജ കോളുകളും വെബ്സൈറ്റുകളും ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ നടപടി.
സന്ദർശകർക്കും താമസക്കാർക്കും ഗോൾഡൻ വിസ, ബ്ലൂ റെസിഡൻസി, എമിറേറ്റ്‌സ് ഐഡി തുടങ്ങിയ നിരവധി സുപ്രധാന സേവനങ്ങൾ നൽകുന്ന ഏജൻസിയാണ് ഐസിപി. ഇത്തരം സേവനങ്ങൾക്കായി എപ്പോഴും ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കണമെന്ന് അതോറിറ്റി താമസക്കാരോട് ആവശ്യപ്പെട്ടു. തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ഐസിപിയുടെ സ്മാർട്ട് ആപ്പോ വെബ്സൈറ്റോ മാത്രം സന്ദർശിക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണം.
ഒടിപി (OTP) നമ്പറുകളോ യുഎഇ പാസ് (UAE PASS) വെരിഫിക്കേഷൻ കോഡുകളോ ആരുമായും പങ്കുവെക്കരുത് എന്ന് അതോറിറ്റി പ്രത്യേകം ഓർമ്മിപ്പിച്ചു. ഐസിപി ജീവനക്കാർ ഒരിക്കലും ഇത്തരം വിവരങ്ങൾ ആവശ്യപ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംശയാസ്പദമായ കോളുകളോ സന്ദേശങ്ങളോ ലിങ്കുകളോ ലഭിച്ചാൽ അവയോട് പ്രതികരിക്കാതെ ജാഗ്രത പാലിക്കണം. ഇത്തരം തട്ടിപ്പുകാർക്കെതിരെ ബന്ധപ്പെട്ട യുഎഇ അധികൃതരുമായി സഹകരിച്ച് കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഐസിപി അറിയിച്ചു.