വ്യാജ തൊഴിൽ രജിസ്ട്രേഷൻ; ഒമാനിൽ സ്ഥാപനങ്ങൾക്ക് 500 റിയാൽ പിഴ

 

യഥാർഥ ജോലി നൽകാതെ ഒമാനി പൗരന്മാരെ കടലാസിൽ മാത്രം ജീവനക്കാരായി രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി തൊഴിൽ മന്ത്രാലയം. ഇത്തരം സ്ഥാപനങ്ങൾക്ക് 500 ഒമാനി റിയാൽ പിഴ ചുമത്തുന്നതിനൊപ്പം പ്രവർത്തനങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു.

ഒമാനിവൽക്കരണ നിരക്ക് കൃത്രിമമായി ഉയർത്തുന്നതിനും തൊഴിൽ ഫീസിലെ ഇളവുകൾ സ്വന്തമാക്കുന്നതിനും വേണ്ടിയാണ് പല കമ്പനികളും ഈ വഴി തിരഞ്ഞെടുക്കുന്നത്. ഇത് തടയാൻ ലക്ഷ്യമിട്ടാണ് പുതിയ ഉത്തരവ്.

ഒരു ജീവനക്കാരൻ സ്ഥാപനം വിട്ടുപോയാൽ പകരം ഒമാനി ജീവനക്കാരനെ നിയമിക്കാൻ 40 ദിവസത്തെ സാവകാശമാണ് അനുവദിച്ചിരിക്കുന്നത്. ഈ കാലയളവിനുള്ളിൽ നിയമനം നടത്തിയില്ലെങ്കിൽ 45 ദിവസത്തിന് ശേഷം സ്ഥാപനത്തിന് നിയന്ത്രണം ഏർപ്പെടുത്തും. തുടർന്ന് നൽകുന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ച് 15 ദിവസത്തിനകം നിയമനം പൂർത്തിയാക്കിയില്ലെങ്കിൽ 500 റിയാൽ പിഴ ഉൾപ്പെടെയുള്ള തുടർനടപടികൾ നേരിടേണ്ടി വരുമെന്നും ജീവനക്കാർക്ക് യഥാർഥ തൊഴിൽ സാഹചര്യം ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.