ട്രാഫിക് പിഴ കുടിശ്ശികയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

 

ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ അടയ്ക്കണമെന്നും ഇല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും കാണിച്ച് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. അജ്ഞാത ഉറവിടങ്ങളിൽ നിന്ന് വരുന്ന ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകളിലോ വെബ്‌സൈറ്റുകളിലോ ക്ലിക്ക് ചെയ്യരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

സ്പീഡ് റഡാറുകൾ വഴി നിയമലംഘനം കണ്ടെത്തിയെന്നും 48 മണിക്കൂറിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നും അധിക തുക ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകിയാണ് തട്ടിപ്പുകാർ ആളുകളെ ഭയപ്പെടുത്തുന്നത്. വാഹനവുമായി ബന്ധപ്പെട്ട മറ്റ് ഇടപാടുകൾ തടയുമെന്നും ഇത്തരം സന്ദേശങ്ങളിൽ ഭീഷണിപ്പെടുത്തുന്നു.

ഇത്തരം സന്ദേശങ്ങളും ലിങ്കുകളും പൂർണമായും വ്യാജമാണെന്നും ഗതാഗത നിയമലംഘനങ്ങൾ പരിശോധിക്കുന്നതിനും പണമടയ്ക്കുന്നതിനും അംഗീകൃത സർക്കാർ ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. അനൗദ്യോഗിക വെബ്‌സൈറ്റുകൾ വഴി വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളോ പങ്കുവെക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.