ഒമാനിൽ നിർമാണ സാമഗ്രികളുടെ വിലവർധനവെന്ന വാർത്തകൾ വ്യാജം

 

ഒമാനിൽ നിർമാണ സാമഗ്രികളുടെ വില അമിതമായി വർധിച്ചെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി.വിപണിയിലെ യഥാർത്ഥ വിലനിലവാരത്തെ പ്രതിഫലിപ്പിക്കാത്ത തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും അതോറിറ്റി അറിയിച്ചു. എന്നാൽ, ഈ വർഷം ഫെബ്രുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ ഇരുമ്പിന്റെ വിലയിൽ ഏകദേശം 12 ശതമാനവും സിമന്റിന്റെ വിലയിൽ 18 ശതമാനവും വർധന ഉണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു.ഇറക്കുമതി ചെലവ്, കപ്പൽ ഗതാഗത നിരക്ക്, അസംസ്‌കൃത വസ്തുക്കളുടെ ഉൽപാദനച്ചെലവ്, പ്രാദേശിക വിപണി ആവശ്യകത എന്നിവയാണ് വിലയിൽ ഉണ്ടായ ചെറിയ വ്യത്യാസങ്ങൾക്ക് കാരണമെന്നും അധികൃതർ വ്യക്തമാക്കി.വില ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും നിരവധി സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്താക്കൾ ഔദ്യോഗിക ചാനലുകൾ വഴി  പരാതിപ്പെടണമെന്നും അതോറിറ്റി അഭ്യർഥിച്ചു