വ്യാജ ഒമാനിവൽക്കരണം: കമ്പനികൾക്ക് ശക്തമായ മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം

 

ഒമാനിലെ കമ്പനികളിൽ നടക്കുന്ന വ്യാജ സ്വദേശിവൽക്കരണത്തിനെതിരെ കർശന മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം. ഒമാനി പൗരന്മാരെ രേഖകളിൽ മാത്രം ജീവനക്കാരായി കാണിക്കുകയും യഥാർത്ഥത്തിൽ ജോലി നൽകാതിരിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. സർക്കാർ ആനുകൂല്യങ്ങൾക്കും ഫീസ് ഇളവുകൾക്കുമായി നടത്തുന്ന ഇത്തരം തട്ടിപ്പുകൾ രാജ്യത്തിന്റെ തൊഴിൽ മേഖലയുടെ വളർച്ചയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.

യഥാർത്ഥ ജോലി ചെയ്യാതെ രേഖകളിൽ മാത്രം പേരുള്ള ജീവനക്കാരാകാതെ, തൊഴിൽ വിപണിയിൽ സജീവ പങ്കാളികളാകാൻ ഒമാനി പൗരന്മാരോടും മന്ത്രാലയം ആഹ്വാനം ചെയ്തു. ഇത്തരം വ്യാജ രജിസ്ട്രേഷനുകൾ ഉദ്യോഗാർത്ഥികൾക്ക് പ്രായോഗിക പരിചയവും തൊഴിൽ നൈപുണ്യവും നേടുന്നതിനും സുസ്ഥിരമായ കരിയർ കെട്ടിപ്പടുക്കുന്നതിനും തടസ്സമാകുന്നുണ്ടെന്നും മന്ത്രാലയം പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.