വ്യാജ സൗദിവത്കരണം: സ്വകാര്യ സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ്

 

സ്വദേശിവത്കരണ നടപടികളിൽ കൃത്രിമം കാണിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി സൗദി മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം. വിവിധ സ്ഥാപനങ്ങളിൽ 'വ്യാജ സൗദിവത്കരണ' സൂചകങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നിരീക്ഷണം ശക്തമാക്കാൻ മന്ത്രാലയം തീരുമാനിച്ചത്.

സ്വദേശി ജീവനക്കാരെ രേഖകളിൽ മാത്രം കാണിക്കുകയും യഥാർഥത്തിൽ അവർ ജോലിയിൽ ഇല്ലാതിരിക്കുകയും ചെയ്യുന്ന പ്രവണതയ്ക്കെതിരെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ലംഘനങ്ങൾ തെളിയിക്കപ്പെട്ടാൽ സ്ഥാപനങ്ങൾ ഗുരുതരമായ നിയമനടപടികൾ നേരിടേണ്ടിവരും. നിലവിൽ മന്ത്രാലയത്തി​െൻറ നിരീക്ഷണത്തിലുള്ള സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻപ് ഇത്തരത്തിൽ സംശയാസ്പദമായ രീതിയിൽ പ്രവർത്തിച്ച ഭൂരിഭാഗം സ്ഥാപനങ്ങളും പിന്നീട് നിയമലംഘനം നടത്തിയതായി സ്ഥിരീകരിച്ചിരുന്നു.

ഈ പശ്ചാത്തലത്തിൽ, സ്ഥാപനങ്ങളുടെ രേഖകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വദേശി ജീവനക്കാർ യഥാർഥത്തിൽ അവിടെ ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നിയമപരമായ അപാകതകൾ ഉണ്ടെങ്കിൽ അവ എത്രയും വേഗം പരിഹരിക്കണം. നിർദ്ദേശങ്ങൾ അവഗണിക്കുകയും കൃത്രിമത്വങ്ങൾ തുടരുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇരട്ട പ്രഹരമായിരിക്കും ലഭിക്കുക. 'നിതാഖാത്ത്' പ്രോഗ്രാമിൽ നിന്നുള്ള ആനുകൂല്യങ്ങൾ റദ്ദാക്കുന്നതിനൊപ്പം കടുത്ത പിഴയും നിയമനടപടികളും ഇവർ നേരിടേണ്ടി വരും. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുമുള്ള സംവിധാനങ്ങളും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.