ബഹ്റൈനിൽ വ്യാജ വിസ തട്ടിപ്പ്: ഏഴ് പ്രവാസികൾക്ക് 2.11 ലക്ഷം ദിനാർ പിഴയും നാടുകടത്തലും
വ്യാജ വാണിജ്യ രജിസ്ട്രേഷനുകൾ (സി.ആർ) നിർമിച്ച് വ്യാജ തൊഴിൽ പെർമിറ്റുകൾ സംഘടിപ്പിച്ച കേസിൽ ഏഴ് ഏഷ്യൻ സ്വദേശികൾക്ക് 2,11,000 ബഹ്റൈനി ദിനാർ പിഴ ശിക്ഷ വിധിച്ചു. തടവ് ശിക്ഷയ്ക്ക് ശേഷം പ്രതികളെ രാജ്യത്തുനിന്ന് സ്ഥിരമായി നാടുകടത്താൻ ബഹ്റൈൻ ലോവർ ക്രിമിനൽ കോടതി ഉത്തരവിട്ടു.
നിലവിലില്ലാത്ത 64 വ്യാജ സ്ഥാപനങ്ങൾ ഉണ്ടാക്കി 211 തൊഴിൽ വിസകൾ നേടിയാണ് സംഘം തട്ടിപ്പ് നടത്തിയത്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പുറത്തുവന്നത്. തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം നടത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിഴത്തുക പൂർണമായും അടച്ചുതീർത്ത ശേഷമായിരിക്കും പ്രതികളുടെ നാടുകടത്തൽ നടപടികൾ പൂർത്തിയാക്കുക.
തൊഴിൽ വിപണിയിലെ സുതാര്യത തകർക്കുന്നതും രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്നതുമായ ഇത്തരം തട്ടിപ്പുകൾക്കെതിരെ കർശന നടപടി തുടരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.