കുവൈത്ത് ഭക്ഷ്യ അതോറിറ്റിയുടെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകൾ; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
കുവൈത്ത് ഭക്ഷ്യ അതോറിറ്റിയുടെ പേര് ദുരുപയോഗം ചെയ്ത് പ്രവർത്തിക്കുന്ന വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകൾക്കും ഗ്രൂപ്പുകൾക്കുമെതിരെ അധികൃതർ കർശന മുന്നറിയിപ്പ് നൽകി. തങ്ങൾക്ക് ഔദ്യോഗികമായി യാതൊരുവിധ വാട്സ്ആപ്പ് അക്കൗണ്ടുകളോ ഗ്രൂപ്പുകളോ നിലവിലില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (പി.എ.എഫ്.എൻ) വ്യക്തമാക്കി. അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സ്ഥിരീകരിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും മാത്രമാണ് പൊതുജനങ്ങളുമായി വിവരങ്ങൾ പങ്കുവെക്കുന്നത്.
അതോറിറ്റിയുടെ പേരിൽ വാട്സ്ആപ്പ് വഴി സന്ദേശങ്ങൾ അയക്കുന്നവരെ യാതൊരു കാരണവശാലും വിശ്വസിക്കരുതെന്നും, അവരുമായി സാമ്പത്തികമോ അല്ലാത്തതോ ആയ ഇടപാടുകൾ നടത്തരുതെന്നും അധികൃതർ നിർദ്ദേശിച്ചു. തെറ്റായ വിവരങ്ങളിൽ നിന്നും തട്ടിപ്പുകളിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ അറിയിപ്പെന്ന് വ്യക്തമാക്കിയ അതോറിറ്റി, ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചു.