പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റ് ജെഫ്രി ആർച്ചർ അന്തരിച്ചു

 

പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റും മുൻ കൺസർവേറ്റീവ് പാർട്ടി നേതാവുമായ ജെഫ്രി ആർച്ചർ അന്തരിച്ചു. 86 വയസ്സായിരുന്നു. തിങ്കളാഴ്ച ലണ്ടനിലെ വസതിയിൽവെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ ആദം ആൻഡ് ഈവ് പുറത്തിറങ്ങാനിരിക്കെയാണ് വിയോഗം. പ്രസാധകരായ ഹാർപ്പർ കോളിൻസാണ് മരണവിവരം അറിയിച്ചത്.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സാഹിത്യജീവിതത്തിൽ ആർച്ചറുടെ പുസ്തകങ്ങൾ ലോകമെമ്പാടുമായി 30 കോടിയിലധികം കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. കെയ്ൻ ആൻഡ് ഏബൽ, ക്ലിഫ്ടൺ ക്രോണിക്കിൾസ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത കൃതികൾ.

സാഹിത്യത്തിന് പുറമെ രാഷ്ട്രീയത്തിലും സജീവമായിരുന്ന ജെഫ്രി ആർച്ചർ കൺസർവേറ്റീവ് പാർട്ടിയുടെ മുൻ എംപിയായിരുന്നു. 1969ൽ ലിങ്കൺഷയറിലെ ലൗത്ത് മണ്ഡലത്തിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കൺസർവേറ്റീവ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനായും പ്രവർത്തിച്ചു.

എന്നാൽ ഡെയ്ലി സ്റ്റാർ പത്രത്തിനെതിരായ മാനനഷ്ടക്കേസിൽ വ്യാജ തെളിവുകൾ നൽകിയതിന് കോടതി ശിക്ഷിച്ചതോടെ രാഷ്ട്രീയജീവിതത്തിൽ തിരിച്ചടിയുണ്ടായി. 2001ൽ ജയിലിലായ അദ്ദേഹം 2003ലാണ് മോചിതനായത്.