ഫിഫ അറബ് കപ്പ്; ആവേശം കാണാൻ സ്റ്റേഡിയങ്ങളിലെത്തിയത് 12.2 ലക്ഷം പേർ

 

ഖത്തർ വേദിയായ ഫിഫ അറബ് കപ്പിന് സാക്ഷ്യം വഹിക്കാൻ സ്റ്റേഡിയങ്ങളിലെത്തിയത് 12.2 ലക്ഷം കാണികൾ. ആകെ എത്തിയ കാണികളിൽ നാലിലൊന്ന് ഭാഗവും വിദേശികളാണെന്ന് സംഘാടക സമിതി വ്യക്തമാക്കി. ഡിസംബർ ഒന്ന് മുതൽ 18 വരെ നടന്ന ടൂർണമെന്റ്, ഫുട്ബോൾ ആവേശത്തിനൊപ്പം ഖത്തറിന്റെ സാംസ്കാരിക പൈതൃകം കൂടി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന വേദിയായി മാറി.

ആകെ 1,220,063 പേരാണ് കളിയാസ്വദിക്കാൻ സ്റ്റേഡിയങ്ങളിലെത്തിയത്. ഇതിൽ 25 ശതമാനം പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ജിസിസി രാഷ്ട്രങ്ങൾക്ക് പുറമേ ജോർദാൻ, അൽജീരിയ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ കാണികളെത്തിയത്. ലുസൈൽ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മൊറോക്കോ - ജോർദാൻ ഫൈനൽ മത്സരം കാണാൻ മാത്രം 84,517 പേർ എത്തിയിരുന്നു. ആറ് സ്റ്റേഡിയങ്ങളിലായി നടന്ന 32 മത്സരങ്ങളിൽ നിന്ന് ആകെ 77 ഗോളുകളാണ് ടൂർണമെന്റിൽ പിറന്നത്.

ലോകമെമ്പാടുമുള്ള 71 രാഷ്ട്രങ്ങളിൽ നിന്നായി 2269 മാധ്യമ പ്രവർത്തകർ ടൂർണമെന്റ് റിപ്പോർട്ട് ചെയ്യാൻ ഖത്തറിലെത്തി. ഇത് 2021-ലെ എഡിഷനേക്കാൾ മൂന്നിരട്ടി കൂടുതലാണ്. 3500 വളണ്ടിയർമാരും 700 മെഡിക്കൽ സ്റ്റാഫും ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ചു. കൂടാതെ, 11,573 ഭിന്നശേഷിക്കാർക്കും കായിക മാമാങ്കം ആസ്വദിക്കാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. വീൽചെയർ ഉപയോഗിക്കുന്നവർക്കായി പ്രത്യേക സീറ്റിങ്ങും ഓഡിയോ കമന്ററിയും സെൻസറി റൂമുകളും സംഘാടകർ ഒരുക്കിയിരുന്നു.