ഫിഫ അറബ് കപ്പിന് മുന്നോടിയായി ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി
ഡിസംബർ ഒന്നു മുതൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ അറബ് കപ്പിന് മുന്നോടിയായി, ഭക്ഷ്യസുരക്ഷയും ഗുണമേന്മയും ഉറപ്പാക്കാനായി സൂപ്പർമാർക്കറ്റുകളിലും ഹോട്ടലുകളിലും മുനിസിപ്പാലിറ്റി മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിശോധന കാമ്പയിൻ ആരംഭിച്ചു. രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരവും ക്ഷേമവും വർധിപ്പിക്കാനും എല്ലാവർക്കും ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കാനും ലക്ഷ്യമിട്ട് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതീയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
ഇതിൻ്റെ ഭാഗമായി ദോഹ മുനിസിപ്പാലിറ്റിയിൽ 156 ഹോട്ടലുകളെ ലക്ഷ്യമിട്ട് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പരിശോധനാ കാമ്പയിൻ തുടങ്ങി. ഇതിനായി 30 ഇൻസ്പെക്ടർമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യ സ്ഥാപനങ്ങൾ, സലൂണുകൾ, മസാജ് സെന്ററുകൾ എന്നിവിടങ്ങളിലാണ് ഈ കാമ്പയിൻ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ, ഭക്ഷണസാധനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനായി സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനകൾക്കായി അയക്കുകയും ചെയ്യുന്നുണ്ട്.
സൂഖ് വാഖിഫ്, ദോഹ പോർട്ട്, പേൾ ഖത്തർ, മുശൈരിബ് ഡൗൺ ടൗൺ ദോഹ തുടങ്ങിയ പ്രധാന വിനോദസഞ്ചാര മേഖലകളിലും, പാഴ്സലുകളിലെയും പൊതുസ്ഥലങ്ങളിലെയും ഫുഡ് സ്റ്റാളുകളിലും മൊബൈൽ കാർട്ടുകളിലും 24 ഇൻസ്പെക്ടർമാരുടെ പങ്കാളിത്തത്തോടെ പരിശോധനകൾ നടക്കുന്നുണ്ട്. അറബ് കപ്പ് ടൂർണമെൻ്റ് ദിനങ്ങളിലുടനീളവും ദേശീയ ദിനാഘോഷ വേളകളിലും നിരീക്ഷണ കാമ്പയിൻ തുടരും. എല്ലാവർക്കും ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം. അതേസമയം, അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലും സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
സന്ദർശകരും വിനോദസഞ്ചാരികളും കൂടുതലായി എത്തുന്ന റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, കടകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാനും പൊതുസുരക്ഷ നിലനിർത്താനും മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, ഭക്ഷ്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോടും സന്ദർശകരോടും അഭ്യർഥിച്ചു.