അഞ്ചാമത് സുഹാർ ഫെസ്റ്റിവലിന് വർണ്ണാഭമായ തുടക്കം; ആഘോഷങ്ങൾ 2027 ജനുവരി 31 വരെ

 

ഒമാനിലെ സുഹാറിൽ അഞ്ചാമത് സുഹാർ ഫെസ്റ്റിവലിന് പ്രൗഢഗംഭീരമായ തുടക്കം. വടക്കൻ ബാത്തിന ഗവർണർ മുഹമ്മദ് ബിൻ സുലൈമാൻ അൽ കിന്ദി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. 2027 ജനുവരി 31 വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ വിനോദ, സാംസ്കാരിക, പൈതൃക, വിനോദസഞ്ചാര, സാങ്കേതിക പരിപാടികളുടെ വിപുലമായ നിരയാണ് ഒരുക്കിയിരിക്കുന്നത്. സുഹാറിന്റെ ചരിത്രവും പൈതൃകവും പരിചയപ്പെടുത്തുന്നതിനൊപ്പം കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമാണ്.

സമുദ്രവ്യാപാര പാരമ്പര്യത്തിന് പേരുകേട്ട സുഹാറിന്റെ ചരിത്രപ്രാധാന്യം വിളിച്ചോതുന്ന 'സുഹാർ യാത്ര', വടക്കൻ ബാത്തിനയിലെ തനത് ജീവിതരീതികൾ പരിചയപ്പെടുത്തുന്ന 'ഒമാനി ഗ്രാമം' എന്നിവയാണ് ഫെസ്റ്റിവലിലെ പ്രധാന ആകർഷണങ്ങൾ. പൈതൃകം, സമുദ്രം, കാർഷിക മേഖലകൾ എന്നിവയെ പ്രതിനിധീകരിക്കുന്ന മൂന്ന് പ്രത്യേക ഗ്രാമങ്ങളാണ് ഒമാനി ഗ്രാമത്തിൽ സജ്ജമാക്കിയിട്ടുള്ളത്.

പ്രധാന വേദിയിലെ കലാപരിപാടികൾ, കുട്ടികൾക്കായുള്ള വിനോദങ്ങൾ, അറേബ്യൻ കുതിരകളുടെ സൗന്ദര്യമത്സരം എന്നിവയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. കൂടാതെ, 12 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഒരുക്കുന്ന അന്താരാഷ്ട്ര വിപണിയിൽ 144 വ്യാപാര സ്റ്റാളുകളും പ്രവർത്തിക്കും. ചെറുകിട സംരംഭങ്ങളെയും പ്രാദേശിക ഉൽപാദക കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി 'സൂഖ്' എന്ന പേരിൽ പ്രത്യേക പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.