കുവൈത്തിൽ വ്യാജ വെബ്സൈറ്റുകളും ലിങ്കുകളും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ്: സിട്ര ജാഗ്രതാ നിർദ്ദേശം നൽകി
കുവൈത്തിൽ ജൂലൈ മാസത്തിൽ മാത്രം 156 സാമ്പത്തിക തട്ടിപ്പ് പരാതികളിൽ നടപടിയെടുത്തതായി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (CITRA) അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ മൂന്നിൽ രണ്ടു പങ്കും വ്യാജ വെബ്‌സൈറ്റ് ലിങ്കുകളും വ്യാജ ഫോൺ കോളുകളും വഴിയുള്ളതായിരുന്നു.
വ്യാജ വെബ്‌സൈറ്റ് ലിങ്കുകൾ വഴി 54 കേസുകളും, ഫോൺ കോളുകളിലൂടെ 52 തട്ടിപ്പ് കേസുകളും, വാട്‌സ്ആപ്പ് വഴി 26 കേസുകളും, മറ്റ് സോഷ്യൽ മീഡിയ മാർഗ്ഗങ്ങളിലൂടെ 24 കേസുകളുമാണ് ജൂലൈയിൽ റിപ്പോർട്ട് ചെയ്തത്. സിട്രയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ജൂണിൽ 70-ഉം മേയിൽ 250-ഉം തട്ടിപ്പ് പരാതികളാണ് ലഭിച്ചിരുന്നത്.
സംശയാസ്പദമായ സന്ദേശങ്ങളോ ലിങ്കുകളോ ഫോൺ കോളുകളോ ലഭിച്ചാൽ ഉടൻ തന്നെ അറിയിക്കണമെന്ന് സിട്ര അഭ്യർത്ഥിച്ചു. യാതൊരു കാരണവശാലും ബാങ്ക് അക്കൗണ്ട് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ ഒ.ടി.പി (OTP) നമ്പറുകളോ അപരിചിതരുമായി പങ്കുവെക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.