പാകിസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ തീപ്പിടിത്തം; 15 നവജാതശിശുക്കൾ വെന്തുമരിച്ചു

 

 

പാകിസ്ഥാനിലെ സർക്കാർ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ 15 നവജാതശിശുക്കൾ മരിച്ചു. ഇസ്ലാമാബാദിലെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്(PIMS) ആശുപത്രിയിലെ ​ഗൈനക്കോളജി വാർഡിലാണ് തീപ്പിടിത്തമുണ്ടായത്. ബുധനാഴ്ച രാവിലെയാണ് സംഭവം.

വാർഡിലുണ്ടായിരുന്ന 16 കുഞ്ഞുങ്ങളിൽ 15 പേരും മരിച്ചതായാണ് റിപ്പോർട്ട്. ഒരു കുഞ്ഞിനെ മാത്രമാണ് രക്ഷിക്കാനായതെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എയർകണ്ടീഷണർ കംപ്രസർ പൊട്ടിത്തെറിച്ചാണ് തീപ്പിടിത്തമുണ്ടായതെന്നാണ് വിവരം. ആശുപത്രിയിലെ മൂന്നാംനിലയിലാണ് അപകടമുണ്ടായത്. തുടർന്ന് തീ ആളിപ്പടരുകയായിരുന്നു. കെട്ടിടത്തിലെ ചില്ലുകൾ പൊട്ടിച്ചാണ് അ​ഗ്നിരക്ഷാസേന അകത്തുകടന്ന് രക്ഷാപ്രവർത്തനം നടത്തിയതെന്നും നിലവിൽ തീയണച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.