ഇസ്രായേൽ റിഫൈനറിയിൽ തീപ്പിടിത്തം; ഇറാഖ് യുദ്ധവിമാനം തകർന്നു; പശ്ചിമേഷ്യയിൽ യുദ്ധം കനക്കുന്നു
പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. തിങ്കളാഴ്ച ഇസ്രായേലിലെ ഹൈഫയിലുള്ള ബസാൻ എണ്ണശുദ്ധീകരണ ശാലയ്ക്ക് (Bazan Refinery) നേരെ മിസൈൽ ആക്രമണമുണ്ടായി. ആക്രമണത്തെത്തുടർന്ന് റിഫൈനറിയിൽ വൻ തീപ്പിടിത്തമുണ്ടാകുകയും പ്രദേശം പുകയാൽ മൂടപ്പെടുകയും ചെയ്തു. തന്ത്രപ്രധാനമായ ഈ ഊർജ്ജ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഇറാൻ അവകാശപ്പെട്ടു. എന്നാൽ, മിസൈൽ പ്രതിരോധ സംവിധാനം തകർത്ത അവശിഷ്ടങ്ങൾ വീണാണ് തീപ്പിടിത്തമുണ്ടായതെന്നാണ് ഇസ്രായേൽ അഗ്നിരക്ഷാസേനയുടെ വിശദീകരണം.
അതിനിടെ, ഇറാഖിലെ മുഹമ്മദ് ആല വ്യോമത്താവളത്തിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ ഇറാഖി വ്യോമസേനയുടെ യുദ്ധവിമാനം തകർന്നു. ആളപായമില്ലെങ്കിലും സൈനിക കേന്ദ്രത്തിന് നേരെയുള്ള ആക്രമണത്തെ ഇറാഖ് പ്രതിരോധ മന്ത്രാലയം ശക്തമായി അപലപിച്ചു. അതേസമയം, ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലും കനത്ത വ്യോമാക്രമണം തുടർന്നു. ബെയ്‌റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനം തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. ഈ ഏറ്റുമുട്ടലിൽ ആറ് ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.