അറേബ്യൻ ഗൾഫിൽ എണ്ണക്കപ്പലിൽ തീപിടിത്തം; 22 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി യു.എ.ഇ

 

അറേബ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് തീപിടിച്ചതിനെ തുടർന്ന് അപകടത്തിൽപ്പെട്ട 22 ജീവനക്കാരെയും യു.എ.ഇ നാഷണൽ ഗാർഡ് വിജയകരമായി രക്ഷപ്പെടുത്തി. കപ്പലിൽ നിന്ന് ലഭിച്ച അടിയന്തര അപായ സൂചന സന്ദേശത്തെ (Distress Call) തുടർന്നാണ് നാഷണൽ ഗാർഡിന്റെ കോസ്റ്റ് ഗാർഡ് വിഭാഗം ഉടനടി സ്ഥലത്തെത്തി അതിവേഗ രക്ഷാപ്രവർത്തനം നടത്തിയത്.

രക്ഷപ്പെടുത്തിയ ജീവനക്കാർക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നൽകിയ ശേഷം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിൽ സംഘർഷ അന്തരീക്ഷം നിലനിൽക്കുന്നതിനിടെയാണ് സംഭവമെങ്കിലും, കപ്പലിൽ തീപിടിത്തമുണ്ടായതിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അടിയന്തര സാഹചര്യങ്ങളിൽ സമുദ്രസുരക്ഷയും ജീവനും സംരക്ഷിക്കുന്നതിൽ നാഷണൽ ഗാർഡിന്റെ കാര്യക്ഷമത വ്യക്തമാക്കുന്നതാണ് ഈ ദൗത്യം.