ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ആദ്യ സംഘം മക്കയിലെത്തി; ഹാജിമാർക്ക് ഉജ്ജ്വല സ്വീകരണം
ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനായി എത്തിയ ആദ്യ സംഘം തീർത്ഥാടകർ മക്കയിലെത്തി. എട്ട് ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയെത്തിയ ഹാജിമാർക്ക് മക്കയിൽ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. ഇന്ത്യൻ അംബാസഡർ ഡോ. മുഹമ്മദ് അജാസ് ഖാൻ, കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരി എന്നിവരുടെ നേതൃത്വത്തിൽ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ചേർന്ന് തീർത്ഥാടകരെ സ്വീകരിച്ചു.
മദീനയിൽ നിന്നുള്ള ആദ്യ സംഘം ട്രെയിൻ മാർഗമാണ് മക്കയിലെത്തിയത്. വെള്ള വസ്ത്രം (ഇഹ്‌റാം) ധരിച്ചെത്തിയ തീർത്ഥാടകരെ സ്വീകരിക്കാൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥർക്ക് പുറമെ നൂറുകണക്കിന് മലയാളി സന്നദ്ധ സംഘടനാ വളണ്ടിയർമാരും എത്തിയിരുന്നു. ഡൽഹി, ബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മൂവായിരത്തോളം ഹാജിമാരാണ് ഇന്ന് മക്കയിലെത്തിയത്. ഇവർക്ക് മക്കയിലെ അസീസിയയിലാണ് താമസം ഒരുക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സംഘങ്ങൾ മക്കയിലേക്ക് എത്തും.
മക്കയിലെത്തിയ ഹാജിമാർ സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാരുടെ സഹായത്തോടെ പ്രത്യേക സംഘങ്ങളായി ഉംറ നിർവഹിക്കുന്നതിനായി ഹറമിലേക്ക് തിരിക്കും. ഹാജിമാരുടെ സൗകര്യാർത്ഥം താമസസ്ഥലത്തുനിന്ന് ഹറമിലേക്കുള്ള പ്രത്യേക ബസ് സർവീസുകളും ആരംഭിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മറ്റു തീർത്ഥാടക സംഘങ്ങൾ നിലവിൽ മദീനയിൽ സന്ദർശനം തുടരുകയാണ്. ഇത്തവണയും ഹാജിമാർക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയിരിക്കുന്നത്.