സൗദിയിൽ ആദ്യത്തെ സമഗ്ര സമുദ്ര പരിശീലന പരിപാടിക്ക് തുടക്കമായി
സൗദി അറേബ്യയുടെ സമുദ്രമേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് രാജ്യത്തെ ആദ്യത്തെ സമഗ്ര അടിസ്ഥാന സമുദ്ര പരിശീലന പരിപാടിക്ക് റിയാദിൽ തുടക്കമായി. പൊതുഗതാഗത അതോറിറ്റിയുടെ (TGA) നേരിട്ടുള്ള പിന്തുണയോടെ ജനറൽ ടെക്‌നിക്കൽ ആൻഡ് സേഫ്റ്റി ട്രെയിനിങ് സെന്ററാണ് ഈ സുപ്രധാന സംരംഭത്തിന് നേതൃത്വം നൽകുന്നത്.
സമുദ്ര സുരക്ഷാ മാനദണ്ഡങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനും സ്വദേശി യുവാക്കളെ ഈ മേഖലയിൽ തൊഴിസജ്ജരാക്കുന്നതിനുമായാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കടലിലെ അതിജീവന വിദ്യകൾ, സുരക്ഷാ ബോധവൽക്കരണം, അടിസ്ഥാന പ്രഥമശുശ്രൂഷ, അഗ്നി പ്രതിരോധം, വ്യക്തിഗത സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനമാണ് നൽകുന്നത്.
സമുദ്ര പ്രവർത്തനങ്ങളുടെ സുസ്ഥിരമായ വളർച്ച ഉറപ്പാക്കുന്നതിനും കപ്പൽയാത്ര മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതി സഹായകരമാകുമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സുരക്ഷാ മാനദണ്ഡങ്ങളും മുൻനിർത്തിയാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.