മക്കയിൽ ആദ്യ ഇലക്ട്രിക് റാപ്പിഡ് ബസ് ശൃംഖല; തീർത്ഥാടകർക്ക് ഇനി വേഗത്തിൽ ഹറമിലെത്താം

 

മക്ക നഗരത്തിൽ പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് പുതിയ നാഴികക്കല്ലിട്ട് ആദ്യ ഇലക്ട്രിക് ബസ് റാപ്പിഡ് ട്രാൻസിറ്റ് (BRT) ശൃംഖല പ്രവർത്തനമാരംഭിച്ചു. പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ബി.ആർ.ടി ശൃംഖലയാണിത്. വർഷം തോറും ഉംറയ്ക്കും ഹജ്ജിനുമായി എത്തുന്ന ദശലക്ഷക്കണക്കിന് തീർത്ഥാടകർക്കും മക്കയിലെ താമസക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഈ അത്യാധുനിക സേവനം. നഗരത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനൊപ്പം പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേ സ്റ്റേഷനെ മസ്ജിദുൽ ഹറാമുമായി ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ സർവീസ് റൂട്ട്. ഏകദേശം നാല് കിലോമീറ്റർ നീളമുള്ള ഈ പാതയിൽ രണ്ട് പ്രധാന സ്റ്റേഷനുകളും 11 സ്റ്റോപ്പുകളുമാണുള്ളത്. ഈ പുതിയ സംവിധാനം നിലവിൽ വന്നതോടെ യാത്രക്കാരുടെ യാത്രാസമയം 50 ശതമാനം വരെ ലാഭിക്കാൻ സാധിക്കും. അടുത്ത 15 വർഷത്തിനുള്ളിൽ ഏകദേശം 7.5 കോടി യാത്രക്കാർ ഈ സേവനം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാലയളവിൽ 23 ടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കാനും ഈ വൈദ്യുത ബസുകളിലൂടെ സാധിക്കും.

ഓട്ടോമേറ്റഡ് ടിക്കറ്റിംഗ്, മൊബൈൽ ആപ്ലിക്കേഷനുകൾ, തത്സമയ വെഹിക്കിൾ ട്രാക്കിംഗ് (Real-time tracking), ഡ്രൈവർ മോണിറ്ററിംഗ് തുടങ്ങി അത്യാധുനിക സാങ്കേതിക വിദ്യകളാണ് ഈ ബസുകളിൽ ഒരുക്കിയിരിക്കുന്നത്. മക്കയിലെ പുണ്യസ്ഥലങ്ങളുടെ വികസനത്തിനായി പ്രവർത്തിക്കുന്ന 'മസാർ' (Umm Al Qura Development & Construction Company), സുസ്ഥിര ഊർജ്ജ മേഖലയിലെ പ്രമുഖരായ 'ഇലക്ട്രോമിൻ' (Electromin) എന്നിവർ സഹകരിച്ചാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരങ്ങളിലൊന്നായ മക്കയിൽ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഗതാഗതം സുഗമമാക്കാനും ഈ പദ്ധതി വലിയൊരു ചുവടുവെപ്പാണ്.