മിഡിൽ ഈസ്റ്റിൽ ആദ്യം; അബൂദബിയിൽ ഡ്രൈവറില്ലാ ട്രക്കുകളുടെ പരീക്ഷണയോട്ടം ആരംഭിച്ചു
മിഡിൽ ഈസ്റ്റ് - നോർത്ത് ആഫ്രിക്ക (MENA) മേഖലയിലാദ്യമായി ഓട്ടോണമസ് (ഡ്രൈവറില്ലാ) ട്രക്കുകളുടെ പരീക്ഷണയോട്ടത്തിന് തുടക്കം കുറിച്ച് അബൂദബി. അബൂദബിയിലെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ (ITC), ആഗോള സാങ്കേതിക കമ്പനിയായ ഓട്ടോടെക്, എഡി പോർട്‌സ് ഗ്രൂപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ നൂതന പദ്ധതി നടപ്പിലാക്കുന്നത്.
അബൂദബിയിലെ ഖലീഫ ഇക്കണോമിക് സോണിലെ (KEZAD) പ്രത്യേക റൂട്ടുകളിലാണ് ഈ ഡ്രൈവറില്ലാ ട്രക്കുകൾ പരീക്ഷണയോട്ടം നടത്തിയത്. ചരക്ക് ഗതാഗതവും ലോജിസ്റ്റിക്‌സ് സേവനങ്ങളും കൂടുതൽ വേഗത്തിലാക്കാനും ചെലവ് കുറഞ്ഞ രീതിയിൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. സ്മാർട്ട് മൊബിലിറ്റി സംവിധാനത്തിൽ അബൂദബി കൈവരിച്ച വലിയൊരു നാഴികക്കല്ലാണിതെന്ന് ഐടിസി ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. അബ്ദുള്ള ഹമദ് അൽ ഗഫേലി പറഞ്ഞു.
യാത്രക്കാർക്കായുള്ള സ്വയം നിയന്ത്രിത വാഹനങ്ങൾക്ക് പിന്നാലെ ചരക്ക് ഗതാഗത മേഖലയിലേക്കും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കുന്നത് അബൂദബിയുടെ സാമ്പത്തിക മത്സരക്ഷമത വർധിപ്പിക്കും. കാർബൺ ബഹിർഗമനം കുറയ്ക്കാനും റോഡ് സുരക്ഷ വർധിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.