ആരാധനാലയങ്ങളുടെ സാന്ദ്രതയിൽ ഒന്നാം സ്ഥാനം; ഗിന്നസ് റെക്കോർഡ് തിളക്കത്തിൽ ബഹ്‌റൈൻ

 

വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളുടെ സാന്ദ്രതയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ബഹ്‌റൈൻ ഗിന്നസ് ബുക്കിൽ ഇടം നേടി. ബഹ്‌റൈന്റെ സഹിഷ്ണുതയുടെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും അന്താരാഷ്ട്ര അംഗീകാരമായി മാറിയ ഈ ചരിത്രനേട്ടത്തിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയ്ക്ക് സമർപ്പിച്ചു.

ഗുദൈബിയ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ, ഗതാഗത വാർത്താവിനിമയ മന്ത്രിയും കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ കോഎക്സിസ്റ്റൻസ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഡോ. ശൈഖ് അബ്ദുള്ള ബിൻ അഹമ്മദ് ആൽ ഖലീഫയാണ് സർട്ടിഫിക്കറ്റ് പ്രധാനമന്ത്രിക്ക് കൈമാറിയത്. ധനകാര്യ-ദേശീയ സാമ്പത്തിക കാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, കാബിനറ്റ് കാര്യ മന്ത്രി ഹമദ് ബിൻ ഫൈസൽ അൽ മാൽക്കി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജാവ് വിഭാവനം ചെയ്ത സഹവർത്തിത്വം, സഹിഷ്ണുത, ബഹുസ്വരത എന്നിവയിലൂന്നിയ ബഹ്‌റൈന്റെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു. വിവിധ സംസ്കാരങ്ങളെയും മതങ്ങളെയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ബഹ്‌റൈൻ ജനതയുടെ തുറന്ന മനസ്സ്, രാജ്യത്തെ മതസ്വാതന്ത്ര്യത്തിന്റെ സുരക്ഷിത കേന്ദ്രമാക്കി മാറ്റിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ മതസ്ഥർക്കും തങ്ങളുടെ ആരാധനാകർമ്മങ്ങൾ നിർവഹിക്കാനുള്ള സ്വാതന്ത്ര്യവും സംരക്ഷണവും ഉറപ്പാക്കാൻ ബഹ്‌റൈൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

ലോകമെമ്പാടുമുള്ള ജനങ്ങൾക്കിടയിൽ പരസ്പര സ്നേഹവും സമാധാനവും വളർത്തുന്നതിൽ 'കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ കോഎക്സിസ്റ്റൻസ്' നടത്തുന്ന മികച്ച പ്രവർത്തനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ബഹ്‌റൈന്റെ ഈ ആഗോള നേട്ടം രാജ്യത്തിന്റെ സഹിഷ്ണുതയുടെ മാതൃകയ്ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന് ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫയും വ്യക്തമാക്കി.