ഷാർജയിൽ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോയ വിമാനം കാണാതായി; കടലിൽ തകർന്നുവീണെന്ന് സംശയം

 

 

ഷാർജയിൽ നിന്നും പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോയ ബോയിംഗ് 737 കാർഗോ (ചരക്ക്) വിമാനം കാണാതായി. വിമാനം അറബിക്കടലിൽ തകർന്നുവീണോയെന്നാണ് സംശയം. അഞ്ച് ജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 9:21 ഓടെയാണ് വിമാനവുമായുള്ള ബന്ധം എയർ ട്രാഫിക് കൺട്രോളർമാർക്ക് നഷ്ടമായത്. വിമാനം താഴേക്ക് ഇറങ്ങാൻ തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുൻപ് വിമാനത്തിലെ നാവിഗേഷൻ സിസ്റ്റത്തിന് തകരാർ സംഭവിച്ചതായി ജീവനക്കാർ റിപ്പോർട്ട് ചെയ്തിരുന്നു.
വിമാനത്തിന്റെ ഉയരത്തിൽ പെട്ടെന്ന് വലിയ വ്യതിയാനങ്ങൾ ഉണ്ടാവുകയും തുടർന്ന് അതിവേഗത്തിൽ താഴേക്ക് പതിക്കുകയുമായിരുന്നു എന്നാണ് വിമാനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്ന 'ഫ്ലൈറ്റ്‌റഡാർ24' -ന്റെ പ്രാഥമിക അറിയിപ്പ്. കറാച്ചിയിൽ നിന്ന് ഏകദേശം 155 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് മാറിയാണ് വിമാനവുമായുള്ള റഡാർ, റേഡിയോ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടത്. കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'കെ2 എയർവേയ്‌സ്' (K2 Airways) എന്ന സ്വകാര്യ ചരക്ക് വിമാനക്കമ്പനിയുടേതാണ് ഈ വിമാനം.

കാണാതായ വിമാനത്തിനായി പാകിസ്ഥാൻ നാവികസേന, വ്യോമസേന, സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവരുടെ നേതൃത്വത്തിൽ അറബിക്കടലിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നേവി ഫ്രിഗേറ്റുകളും (യുദ്ധക്കപ്പലുകൾ) മറ്റ് വിമാനങ്ങളും തിരച്ചിലിനായി നിയോഗിച്ചിട്ടുണ്ട്. പാകിസ്ഥാനിൽ ഇതിനുമുമ്പ് 2020-ൽ കറാച്ചി വിമാനത്താവളത്തിന് സമീപം പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് തകർന്നുവീണാണ് അപകടം ഉണ്ടായത്. അന്ന് വിമാനത്തിലുണ്ടായിരുന്ന 99 പേരിൽ 97 പേരും കൊല്ലപ്പെട്ടിരുന്നു.