റിയാദ് വിമാനത്താവളത്തിൽ വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം
സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തന പ്രതിസന്ധിയെത്തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കി. ഇന്ധന വിതരണ സംവിധാനത്തിലെ അറ്റകുറ്റപ്പണികളും മറ്റ് വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഇവിടേക്ക് വഴിതിരിച്ചുവിട്ടതുമാണ് പെട്ടെന്നുള്ള തടസ്സത്തിന് കാരണമായത്. സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്ന സാഹചര്യത്തിൽ, യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി ബന്ധപ്പെട്ട എയർലൈനുകളുമായി ബന്ധപ്പെട്ട് സമയക്രമം ഉറപ്പാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി വിമാനത്താവളത്തിന്റെ പ്രവർത്തനത്തിൽ നേരിട്ട ബുദ്ധിമുട്ടുകളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. സൗദി എയർലൈൻസിന്റെ (Saudia) അടക്കം ചില പ്രധാന സർവീസുകളെ ഇത് ബാധിച്ചിട്ടുണ്ട്. വിമാനത്താവളത്തിനുള്ളിലെ തിരക്ക് ഒഴിവാക്കാനും യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാനുമാണ് മുൻകൂട്ടി വിവരങ്ങൾ അന്വേഷിക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്.
സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് പ്രവർത്തനങ്ങൾ എത്രയും വേഗം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.