റിയാദിൽ വിമാന സർവീസുകൾ പുനഃസ്ഥാപിച്ചുതുടങ്ങി; ഇന്ത്യൻ കമ്പനികളുടെ തീരുമാനം ഇന്നുണ്ടായേക്കും

 

റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൂതികളുടെ മിസൈൽ ആക്രമണം ഉണ്ടായതിന് പിന്നാലെ നിർത്തിവെച്ച സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചു തുടങ്ങി. ആഭ്യന്തര സർവീസുകളാണ് ആദ്യം പുനരാരംഭിച്ചത്. ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവീസുകൾ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമുണ്ടാകും. നിലവിൽ ഇൻഡിഗോ ഇന്നു അർധരാത്രി വരെയും എയർ ഇന്ത്യയും ആകാശ എയറും നാളെ വരെയുമുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

റിയാദ് വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തിൽ സൗദിയിലെ വ്യോമയാന മേഖല കടുത്ത ജാഗ്രതയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ റിയാദ്, അബഹ വിമാനത്താവളങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ മൂന്ന് വിദേശികൾ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഥിതിഗതികൾ കണക്കിലെടുത്ത് ഇന്ത്യൻ എംബസിയും അമേരിക്കൻ എംബസിയും തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ യമനിൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുകയാണ്.