സൗദിയിലെ ഖസീമിൽ ആറാമത് ഹബ്ബ് ആരംഭിച്ച് ഫ്ലൈനാസ്; ജൂലൈ മുതൽ കൂടുതൽ സർവീസുകൾ

 

പ്രമുഖ സൗദി ബജറ്റ് എയർലൈനായ ഫ്ലൈനാസ് (flynas) ഖസീമിലെ പ്രിൻസ് നായിഫ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തങ്ങളുടെ പുതിയ പ്രവർത്തന ഹബ്ബ് ആരംഭിക്കുന്നു. സൗദിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന 'ക്ലസ്റ്റർ 2 എയർപോർട്ട്സ് കമ്പനി'യുമായി സഹകരിച്ചാണ് പുതിയ ഹബ്ബ് ഒരുങ്ങുന്നത്. വരും വർഷം ജൂലൈ മുതൽ ഈ പുതിയ ഹബ്ബ് പൂർണ്ണമായും പ്രവർത്തനസജ്ജമാകും. ഇതോടെ സൗദി അറേബ്യയിലുടനീളം ആറ് തന്ത്രപ്രധാന ഹബ്ബുകളിൽ നിന്ന് സർവീസ് നടത്തുന്ന രാജ്യത്തെ ആദ്യത്തെ വിമാനക്കമ്പനിയായി ഫ്ലൈനാസ് മാറും.

ജൂലൈ മുതൽ ഖസീമിൽ നിന്നുള്ള ആദ്യഘട്ട സർവീസുകൾ ആരംഭിക്കുമെന്നും ഇതിലൂടെ അഞ്ച് ആഭ്യന്തര, അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ ലഭ്യമാക്കുമെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. തുർക്കിയിലെ ഇസ്താംബുൾ, ട്രാബ്സൺ, ഈജിപ്തിലെ കെയ്റോയിലുള്ള സ്ഫിങ്ക്സ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിലെ അന്താരാഷ്ട്ര സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. അബഹ, ദമ്മാം എന്നീ നഗരങ്ങളിലേക്കാണ് ആഭ്യന്തര സർവീസുകൾ.

യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാ ഓപ്ഷനുകൾ നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ റിയാദ്, ജിദ്ദ, ദമ്മാം, മദീന, അബഹ എന്നിവിടങ്ങളിലെ ഹബ്ബുകൾ വഴിയുള്ള സർവീസുകൾക്ക് പുറമെ, പുതിയ ഖസീം ഹബ്ബിൽ നിന്നുള്ള ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളുടെ എണ്ണം വരും ഘട്ടങ്ങളിലായി ഇരട്ടിയാക്കാനും ഫ്ലൈനാസിന് പദ്ധതിയുണ്ട്.