ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഫ്ലൈനാസ്
ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി സൗദി ബജറ്റ് എയർലൈനായ ഫ്ലൈനാസ്. നവംബർ 9 മുതൽ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായിരിക്കും പുതിയ സർവീസ് ലഭ്യമാകുക. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് വിമാനങ്ങൾ സർവീസ് നടത്തുക. കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കും ഫ്ലൈനാസ് നേരിട്ടുള്ള സർവീസുകൾ വിജയകരമായി ആരംഭിച്ചിരുന്നു.
ഇന്ത്യൻ വിമാന കമ്പനികൾ സർവീസുകൾ വെട്ടിച്ചുരുക്കുകയോ റദ്ദാക്കുകയോ ചെയ്ത പശ്ചാത്തലത്തിലാണ് ഫ്ലൈനാസിന്റെ ഈ പുതിയ ചുവടുവെപ്പ്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചുമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ജിദ്ദയിൽ നിന്ന് രാത്രി 10:30-ന് പുറപ്പെടുന്ന വിമാനം രാവിലെ 6:30-ന് കൊച്ചിയിലെത്തും. മടക്കയാത്രയിൽ രാവിലെ 7:25-ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് സൗദി സമയം ഉച്ചയ്ക്ക് 11:20-ഓടെ ജിദ്ദയിൽ എത്തുന്ന രീതിയിലാണ് സമയം നിശ്ചയിച്ചിരിക്കുന്നത്.
ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് വൺവേ ടിക്കറ്റ് നിരക്കുകൾ 1,299 സൗദി റിയാൽ മുതൽ ലഭ്യമാണ്. ഫ്ലൈനാസിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ടിക്കറ്റുകളുടെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർക്ക് 30 കിലോ ചെക്ക്-ഇൻ ലഗേജും 7 കിലോ ഹാൻഡ് ബാഗേജും സൗജന്യമായി അനുവദിക്കും. 186 പേർക്ക് സഞ്ചരിക്കാവുന്ന അത്യാധുനിക എയർബസ് എ320 (Airbus A320) വിമാനമാണ് കൊച്ചി റൂട്ടിൽ സർവീസിനായി ഉപയോഗിക്കുന്നത്. കൊച്ചിയെക്കൂടാതെ ദമ്മാമിൽ നിന്ന് കോഴിക്കോട്, കൊച്ചി, ലഖ്നൗ, മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഫ്ലൈനാസ് അധിക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.