യുഎഇയിൽ മൂടൽമഞ്ഞ്: റെഡ്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു; നേരിയ മഴയ്ക്ക് സാധ്യത

 

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. വടക്കൻ, കിഴക്കൻ മേഖലകളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും.

രാജ്യത്ത് ഉയർന്ന താപനില തുടരും. ചില പ്രദേശങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 45 ഡിഗ്രി സെൽഷ്യസും ദുബായിൽ 42 ഡിഗ്രി സെൽഷ്യസുമാണ് പ്രതീക്ഷിക്കുന്ന ഉയർന്ന താപനില. അബുദാബിയിലെയും ദുബായിലെയും ചില ഭാഗങ്ങളിൽ അതിരാവിലെ ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്ന് റെഡ്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിരുന്നു.

മൂടൽമഞ്ഞിനെ തുടർന്ന് അബുദാബി-അൽ ഐൻ, ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡുകളിൽ അബുദാബി പോലീസ് വേഗത പരിധി കുറച്ചു. ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകളിൽ തെളിയുന്ന വേഗപരിധി പാലിക്കാൻ ഡ്രൈവർമാർക്ക് നിർദേശം നൽകി. രാത്രിയിലും തിങ്കളാഴ്ച രാവിലെയോടെയും പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ഈർപ്പമുള്ള അന്തരീക്ഷമായിരിക്കും. കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.