യമനിലെ ഭക്ഷ്യസുരക്ഷ; യു.എന്നുമായി കരാർ ഒപ്പുവെച്ച് സൗദിയും ബ്രിട്ടനും

 

യമനിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുമായി സംയുക്ത സഹകരണ കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യയും ബ്രിട്ടനും. സൗദിയുടെ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ്.റിലീഫ്) മേധാവി ഡോ. അബ്ദുള്ള ബിൻ അബ്ദുൽ അസീസ് അൽ റബീഅയും യു.എന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാം (WFP) എക്സിക്യൂട്ടീവ് ഡയറക്ടർ കാൾ സ്കാവുവും ചേർന്നാണ് റിയാദിൽ വെച്ച് കരാർ ഒപ്പിട്ടത്. സൗദിയിലെ യു.കെ ഡെപ്യൂട്ടി അംബാസഡർ ഡോ. ആലീസ് ബർട്ടും ചടങ്ങിൽ സന്നിഹിതയായിരുന്നു.

യമനിലെ അൽ-മഹ്റ, ഹളർമൗത്ത്, ഏദൻ, അൽ-ദാലി, ലഹിജ് എന്നീ ​ഗവർണറേറ്റുകളിലെ ജനങ്ങളുടെ അതിജീവനവും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമാണ് ഈ സംയുക്ത പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കരാർ പ്രകാരം കെ.എസ്.റിലീഫും യു.കെ വിദേശകാര്യ-കോമൺവെൽത്ത്-വികസന ഓഫീസും ചേർന്ന് വേൾഡ് ഫുഡ് പ്രോഗ്രാമിന് ഒരു കോടി യു.എസ് ഡോളറിന്റെ സാമ്പത്തിക സഹായം നൽകും.

പദ്ധതിക്ക് കീഴിൽ ഗുണഭോക്താക്കൾക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിക്കുന്ന 'അസറ്റ് സപ്പോർട്ട്' (ഉപജീവന മാർ​ഗങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പിന്തുണ) പ്രവർത്തനങ്ങൾ നടപ്പിലാക്കും. കൂടാതെ പ്രൊഫഷണൽ പരിശീലന പരിപാടികൾ, തൊഴിൽ നൈപുണ്യ വികസന പദ്ധതികൾ, പ്രദേശിക ഭരണകൂടങ്ങളുടെ ശേഷി വർധിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടക്കും. യമൻ ജനതയെ ഭക്ഷ്യപ്രതിസന്ധിയിൽ നിന്ന് കരകയറ്റുകയും അവരെ സ്വയംപര്യാപ്തരാക്കുകയുമാണ് പ്രധാന ലക്ഷ്യം.