2026-ലെ ആദ്യ പാദത്തിൽ കുവൈറ്റിൽ വിദേശ സന്ദർശകർ ചെലവഴിച്ചത് 20.46 കോടി ദിനാർ
Jun 1, 2026, 17:36 IST
2026-ലെ ആദ്യ പാദത്തിൽ കുവൈത്തിലെത്തിയ വിദേശ സന്ദർശകർ രാജ്യത്ത് ആകെ 20.46 കോടി കുവൈത്ത് ദിനാർ ചെലവഴിച്ചതായി കണക്കുകൾ. വിദേശ ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകളെ അടിസ്ഥാനമാക്കിയുള്ള കുവൈത്ത് സെൻട്രൽ ബാങ്കിന്റെ റിപ്പോർട്ടിലാണ് ഈ വിവരം.ആകെ ചെലവിൽ 81.9 ശതമാനവും പോയിന്റ് ഓഫ് സെയിൽ (POS) ഇടപാടുകളിലൂടെയായിരുന്നു. ഇതുവഴി മാത്രം 16.76 കോടി ദിനാർ ചെലവഴിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതേസമയം, എ.ടി.എമ്മുകൾ വഴി 3.7 കോടി ദിനാർ പിൻവലിക്കപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ഇത് മൊത്തം ചെലവിന്റെ 18.1 ശതമാനമാണ്.മാസാടിസ്ഥാനത്തിൽ ജനുവരിയിലാണ് ഏറ്റവും കൂടുതൽ ചെലവ് രേഖപ്പെടുത്തിയത്. ഈ മാസം മാത്രം 6.97 കോടി ദിനാർ വിദേശ സന്ദർശകർ ചെലവഴിച്ചു. തുടർന്ന് ഫെബ്രുവരിയിൽ ഇത് 6.02 കോടി ദിനാറായി. സീസണൽ പരിപാടികളും ഷോപ്പിങ് സീസണുമാണ് ഈ വർധനയ്ക്ക് പ്രധാന കാരണങ്ങളെന്ന് വിലയിരുത്തപ്പെടുന്നു.എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ചെലവിൽ ഇടിവ് രേഖപ്പെടുത്തി. മാർച്ചിൽ 3.95 കോടി ദിനാറും ഏപ്രിലിൽ 3.52 കോടി ദിനാറും മാത്രമാണ് വിദേശ സന്ദർശകർ ചെലവഴിച്ചത്.