വിദേശ യാട്ടുകൾക്ക് ഇനി ബർത്തുകളിൽ തന്നെ അതിർത്തി പരിശോധന; അബൂദബിയിൽ ‘ഫ്ലോട്ടിങ് പോർട്ട്’ സേവനം ആരംഭിച്ചു
വിദേശത്തുനിന്നെത്തുന്ന ആഡംബര യാട്ടുകൾക്ക് ബോർഡർ ചെക്കിങ്ങിനും സെക്യൂരിറ്റി പരിശോധനകൾക്കുമായി ഇനി പ്രത്യേക കേന്ദ്രങ്ങൾ തേടിപ്പോകേണ്ടതില്ല. യാട്ടുകൾ അടുപ്പിച്ചിരിക്കുന്ന ബർത്തുകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി അതിർത്തി-സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുന്ന ‘അബൂദബി ഫ്ലോട്ടിങ് പോർട്ട്’ സേവനത്തിന് ഔദ്യോഗിക തുടക്കമായി. അഡ്നെക് മരീന ഹാളിൽ നടക്കുന്ന അബൂദബി അന്താരാഷ്ട്ര ബോട്ട് ഷോ 2026-ന്റെ ഭാഗമായാണ് ഈ നൂതന പദ്ധതി പ്രഖ്യാപിച്ചത്. ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (അബൂദബി മൊബിലിറ്റി), അബൂദബി മരീന എന്നിവയുടെ സഹകരണത്തോടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്ട് സെക്യൂരിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
മുമ്പ് വിദേശ യാട്ടുകളും അവയുടെ ഉടമകളും ജീവനക്കാരും ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി നിശ്ചിത പരിശോധനാ കേന്ദ്രങ്ങളിലേക്ക് മാറേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പുതിയ സംവിധാനമനുസരിച്ച് യാട്ടിന്റെ ഷിപ്പിങ് ഏജന്റ് മുൻകൂട്ടി അപേക്ഷ നൽകുന്നതോടെ, ഉദ്യോഗസ്ഥ സംഘം യാട്ട് നങ്കൂരമിട്ടിരിക്കുന്ന സ്ഥലത്ത് നേരിട്ടെത്തി പാസ്പോർട്ട് പരിശോധനയും സുരക്ഷാ നടപടികളും വേഗത്തിൽ പൂർത്തിയാക്കും. ബയോമെട്രിക് വിവരങ്ങൾ പരിശോധിക്കാനും യാത്രാരേഖകൾ സ്കാൻ ചെയ്യാനും എൻട്രി-എക്സിറ്റ് വിവരങ്ങൾ ഔദ്യോഗിക ഡാറ്റാബേസിൽ തത്സമയം രേഖപ്പെടുത്താനും ശേഷിയുള്ള അത്യാധുനിക ഹാൻഡ്ഹെൽഡ് ഉപകരണങ്ങളാണ് ഇതിനായി ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത്.
കടൽ മാർഗ്ഗമുള്ള സഞ്ചാര സൗകര്യങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനൊപ്പം രാജ്യത്തിന്റെ അതിർത്തി സുരക്ഷ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന സംവിധാനം അവതരിപ്പിച്ചിരിക്കുന്നതെന്ന് ഐ.സി.പി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി വ്യക്തമാക്കി.