ബഹ്റൈനിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ
Oct 18, 2026, 19:08 IST
ബഹ്റൈനിൽ ഒരു കുടുംബത്തിലെ നാല് പേരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഏഷ്യൻ പൗരന്മാരായ പ്രവാസികളാണ് മരണപ്പെട്ടതെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. മരണത്തിന് പിന്നിൽ ക്രിമിനൽ ഇടപെടൽ ഉണ്ടെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
സംഭവത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരൂഹതകൾ നീക്കുന്നതിനായി ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മരിച്ചവരുടെ വ്യക്തമായ വ്യക്തിവിവരങ്ങളോ ഏത് രാജ്യക്കാരാണെന്ന കാര്യങ്ങളോ അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനുള്ള കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിച്ചുവരികയാണ്.