അബൂദബിയിൽ നാല് ബഹുനില പാർക്കിങ് കെട്ടിടങ്ങൾ തുറന്നു; മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ ഗതാഗതക്കുരുക്കിന് പരിഹാരം
അബൂദബി എമിറേറ്റിലെ ഗതാഗത തിരക്ക് കുറയ്ക്കുന്നതിനും പാർക്കിങ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമായി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ നാല് പുതിയ ബഹുനില പാർക്കിങ് കെട്ടിടങ്ങൾ പ്രവർത്തനമാരംഭിച്ചു. വാണിജ്യ മേഖലകളായ എം.ഇ 9 (ME9), എം.ഇ 10 (ME10), എം.ഇ 12 (ME12) എന്നിവിടങ്ങളിലായാണ് ഈ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. ഇതിൽ എം.ഇ 10-ൽ രണ്ട് കെട്ടിടങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്. നാല് കെട്ടിടങ്ങളിലുമായി ആകെ 1,446 വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാം. എം.ഇ 9-ൽ 682 വാഹനങ്ങൾക്കും എം.ഇ 10-ൽ 346 വാഹനങ്ങൾക്കും എം.ഇ 12-ൽ 418 വാഹനങ്ങൾക്കും പാർക്കിങ് സൗകര്യമുണ്ട്. നിശ്ചയദാർഢ്യ വിഭാഗക്കാർക്കായി പ്രത്യേക പാർക്കിങ് ഇടങ്ങളും ഇവിടെ നീക്കിവെച്ചിട്ടുണ്ട്. അബൂദബി സംയോജിത ഗതാഗത കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ ക്യു മൊബിലിറ്റിയാണ് (Q Mobility) ഇവ നിയന്ത്രിക്കുന്നത്. മാർച്ച് 11 മുതൽ പുതിയ കെട്ടിടങ്ങൾ പ്രവർത്തനം തുടങ്ങിയതായി അധികൃതർ വ്യക്തമാക്കി.
മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ വ്യവസായ മേഖലകളിൽ ഓഫീസ് സമുച്ചയങ്ങളും വ്യാപാര സ്ഥാപനങ്ങളും വർധിച്ചതോടെ കഴിഞ്ഞ വർഷങ്ങളിൽ ഗതാഗത തിരക്ക് ക്രമാതീതമായി കൂടിയിരുന്നു. പരിമിതമായ പാർക്കിങ് സൗകര്യങ്ങളും ക്രമരഹിതമായ പാർക്കിങ്ങും പലപ്പോഴും ഗതാഗത തടസ്സങ്ങൾക്ക് കാരണമായിട്ടുണ്ട്. പാർക്കിങ് സ്ഥലങ്ങൾ തേടി ഡ്രൈവർമാർ ചിലവിടുന്ന സമയം ലാഭിക്കുന്നതിലൂടെ കൊമേഴ്‌സ്യൽ ജില്ലകളിലെ ഗതാഗത നീക്കം സുഗമമാക്കാൻ പുതിയ നീക്കം സഹായിക്കും. മണിക്കൂറിന് രണ്ട് ദിർഹമാണ് പാർക്കിങ് നിരക്ക് ഈടാക്കുന്നത്. ദർബ് (Darb), താം (TAMM) തുടങ്ങിയ ഡിജിറ്റൽ ആപ്പുകൾ വഴിയും എസ്.എം.എസ് ആയും ഓൺസൈറ്റ് മെഷീനുകൾ വഴിയും പണമടയ്ക്കാനുള്ള സൗകര്യം ലഭ്യമാണ്.
ഏറ്റവും തിരക്കേറിയ വ്യവസായ മേഖലകളിലൊന്നായ മുസഫയിൽ 2026-ന്റെ തുടക്കത്തിൽ പുതിയ പാർക്കിങ് സൗകര്യങ്ങൾ ആരംഭിച്ചത് വലിയ ആശ്വാസമായിരുന്നു. മുസഫയിലെ എം1, എം2, എം3, എം4, എം24 മേഖലകളിലായി 4,680 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് അന്ന് ഒരുക്കിയത്. ഇതിനു പിന്നാലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലും അത്യാധുനിക ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ എത്തിയതോടെ നഗരത്തിലെ ഗതാഗത പരിഷ്കരണ പ്രവർത്തനങ്ങളിൽ നിർണ്ണായകമായ ഒരു ഘട്ടം കൂടി പിന്നിട്ടിരിക്കുകയാണ്.