‘ഫ്രാൻസ് കത്തുന്നു’, പ്രക്ഷോഭത്തിന് കാരണം കുടിയേറ്റമെന്ന് ട്രംപ്; അതിർത്തികൾ അടയ്ക്കാൻ ആഹ്വാനം

 

ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കും സായുധ സംഘർഷങ്ങൾക്കും കാരണം കുടിയേറ്റമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു പ്രതികരണം.

"ഫ്രാൻസ് കത്തുകയാണ്. തീർത്തും വ്യത്യസ്തമായ ലോകത്തുനിന്നുള്ളവരും ഹൃദയത്തിൽ വെറുപ്പുള്ളവരുമായ ആളുകളുടെ കുടിയേറ്റം, ഒരിക്കൽ മഹത്തരമായിരുന്ന രാജ്യത്തെ തകർത്തിരിക്കുന്നു. ഏറെ വൈകിപ്പോകുന്നതിന് മുൻപ് അതിർത്തികൾ അടയ്ക്കൂ, നിയന്ത്രണം ഏറ്റെടുക്കൂ" എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്. നേരത്തെ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഫ്രാൻസിലെ പ്രതിഷേധങ്ങൾക്ക് കാരണം കുടിയേറ്റമാണെന്ന് ആരോപിച്ചിരുന്നു.

വിദ്യാഭ്യാസം, തൊഴിൽസാഹചര്യങ്ങൾ, ജീവിതച്ചെലവ് എന്നിവയ്ക്കെതിരെ ആരംഭിച്ച പ്രതിഷേധങ്ങളിൽ രാജ്യത്തുടനീളം 5.5 ലക്ഷത്തിലധികം ആളുകളാണ് തെരുവിലിറങ്ങിയത്. പാരിസിൽ മാത്രം 1.1 ലക്ഷം പേർ പങ്കെടുത്തു. ബോർഡോയിൽ ആപ്പിൾ, ലൂയി വിറ്റൺ, ഹെർമിസ് തുടങ്ങിയ വൻകിട ബ്രാൻഡ് സ്റ്റോറുകൾ തകർത്ത് കൊള്ളയടിക്കുകയും നിരവധി നഗരങ്ങളിലെ പൊതുകെട്ടിടങ്ങൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.