അബുദാബി കസ്റ്റംസിന്റെ പേരിൽ തട്ടിപ്പ് സന്ദേശം; ജാഗ്രത പാലിക്കണമെന്ന് അധികൃതർ
കസ്റ്റംസ് നടപടിക്രമങ്ങളുടെ പേരിലും പാർസലുകൾ തടഞ്ഞുവെച്ചിരിക്കുന്നു എന്ന് കാണിച്ചും വരുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി അബുദാബി കസ്റ്റംസ് അതോറിറ്റി. വ്യക്തിഗത വിവരങ്ങളും പണവും തട്ടിയെടുക്കാൻ വ്യാജന്മാർ പുതിയ മാർഗങ്ങൾ തേടുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
‘ഒഫീഷ്യൽ കസ്റ്റംസ് ഹോൾഡ് നോട്ടീസ് - കസ്റ്റംസ് താരിഫ് ക്ലാസിഫിക്കേഷൻ റിക്വയർഡ്’ എന്ന തലക്കെട്ടിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് അബുദാബി കസ്റ്റംസ് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. കസ്റ്റംസിന്റെ ഔദ്യോഗിക പേരും ലോഗോയും ദുരുപയോഗം ചെയ്താണ് ഇത്തരം സന്ദേശങ്ങൾ അയക്കുന്നത്. സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ വ്യക്തിഗത വിവരങ്ങളും ബാങ്ക് വിശദാംശങ്ങളും പങ്കുവെക്കാനോ പാടില്ലെന്നും വിവരങ്ങൾക്ക് 800 555 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.
യു.എ.ഇയിലുടനീളം ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ അധികൃതർ നടപടി ശക്തമാക്കിയിട്ടുണ്ട്. നടപ്പുവർഷത്തിലെ രണ്ടാം പാദത്തിൽ മാത്രം ഇത്തരം വ്യാജ സേവനങ്ങൾ നൽകിയ 103 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ദുബായ് പോലീസ് അടച്ചുപൂട്ടിയിരുന്നു. നിർമിത ബുദ്ധിയും ക്രൈം ഡാറ്റാ അനാലിസിസും ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ തടയാൻ ശ്രമിക്കുമ്പോഴും ഓൺലൈൻ ഇടപാടുകളിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ആവർത്തിച്ചു.