സൗദിയിലുള്ള ജിസിസി പൗരന്മാർക്ക് സൗജന്യ അന്താരാഷ്ട്ര കോൾ സൗകര്യം; മൂന്ന് ദിവസത്തേക്ക് ആനുകൂല്യം
പശ്ചിമേഷ്യയിലെ നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത്, സൗദി ഭരണാധികാരികളുടെ പ്രത്യേക നിർദ്ദേശപ്രകാരം ജിസിസി പൗരന്മാർക്കായി സൗജന്യ അന്താരാഷ്ട്ര കോൾ സൗകര്യം പ്രഖ്യാപിച്ചു. സൗദി ടെലികോം കമ്പനിയായ എസ്ടിസി (stc) ആണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ ആളുകൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്തുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
ഈ തീരുമാനപ്രകാരം സൗദി അറേബ്യ സന്ദർശിക്കുന്ന മറ്റ് ജിസിസി രാജ്യങ്ങളിലെ (യുഎഇ, കുവൈത്ത്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ) പൗരന്മാർക്ക് സൗദിയിലെ എസ്ടിസി നെറ്റ്‌വർക്ക് ഉപയോഗിച്ച് തങ്ങളുടെ രാജ്യങ്ങളിലേക്ക് മൂന്ന് ദിവസത്തേക്ക് സൗജന്യമായി വിളിക്കാം. സമാനമായി, മറ്റ് ജിസിസി രാജ്യങ്ങളിൽ റോമിങ്ങിലുള്ള സൗദി പൗരന്മാർക്ക് തിരികെ സൗദി അറേബ്യയിലേക്കും ഈ മൂന്ന് ദിവസങ്ങളിൽ സൗജന്യമായി ബന്ധപ്പെടാവുന്നതാണ്.
മാനുഷിക പരിഗണന മുൻനിർത്തിയും ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യം ഊട്ടിയുറപ്പിക്കുന്നതിനുമായാണ് ഈ നടപടി. യുദ്ധസാഹചര്യത്തിൽ വിമാനത്താവളങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കും പ്രവാസികൾക്കും ഈ പ്രഖ്യാപനം വലിയ ആശ്വാസമാകും. ഗൾഫ് മേഖലയിലെ ആശയവിനിമയ സംവിധാനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സൗദി സർക്കാരിന്റെ ഈ സുപ്രധാന ഇടപെടൽ.