ജിദ്ദ പോർട്ടിൽ ചരക്കുകളുടെ സൗജന്യ സംഭരണ കാലാവധി നവംബർ 19 വരെ നീട്ടി

 

ജിദ്ദ ഇസ്ലാമിക് പോർട്ട് വഴി മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്ന ട്രാൻസിറ്റ് ചരക്കുകൾ സൂക്ഷിക്കുന്നതിനുള്ള സൗജന്യ സ്റ്റോറേജ് കാലാവധി നവംബർ 19 വരെ ദീർഘിപ്പിച്ചു. മേഖലാതലത്തിലുണ്ടായ സംഘർഷങ്ങളും സുരക്ഷാ സാഹചര്യങ്ങളും മുൻനിർത്തിയാണ് സൗദി പോർട്ട്സ് അതോറിറ്റി (മാവാനി) ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.

നേരത്തെ ഇത്തരം ചരക്കുകൾ അടങ്ങിയ കണ്ടെയ്നറുകൾക്കും ട്രെയിലറുകൾക്കും 15 ദിവസം വരെയായിരുന്നു സൗജന്യ സ്റ്റോറേജ് അനുവദിച്ചിരുന്നത്. നിശ്ചിത കാലാവധിക്കപ്പുറം ചരക്കുകൾ സൂക്ഷിക്കുന്നതിന് ചുമത്തിയിരുന്ന സർചാർജുകൾ ഒഴിവാക്കുന്നത് തുറമുഖത്തെ ചരക്കുനീക്കം വേഗത്തിലാക്കാനും അന്താരാഷ്ട്ര വ്യാപാര പങ്കാളികൾക്ക് ആശ്വാസമാകാനും ഉപകരിക്കും.

മധ്യപൂർവേഷ്യയിലെ പ്രധാന ലോജിസ്റ്റിക്സ് കേന്ദ്രമായ ജിദ്ദ തുറമുഖം വഴിയുള്ള വ്യാപാര അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താൻ ഈ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.