ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കുവൈത്തിൽ; പ്രതിരോധവും നിക്ഷേപവും ഉൾപ്പെടെ എട്ട് കരാറുകളിൽ ഒപ്പുവെച്ചു

 

പ്രതിരോധം, വ്യോമയാനം, കൃത്രിമബുദ്ധി, നിക്ഷേപം, കാൻസർ ചികിത്സ എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കുവൈത്തും ഫ്രാൻസും എട്ട് കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടയിലാണ് സുപ്രധാന കരാറുകൾ നിലവിൽ വന്നത്.

കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വ്യോമയാന മേഖലയിൽ തന്ത്രപരമായ സഹകരണം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനപത്രത്തിൽ കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും എയർബസുമാണ് ഒപ്പുവെച്ചത്.

തിങ്കളാഴ്ച രാവിലെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഫ്രഞ്ച് പ്രസിഡന്റിനെയും പ്രതിനിധി സംഘത്തെയും അമീറിന്റെ നേതൃത്വത്തിൽ ഊഷ്മളമായി സ്വീകരിച്ചു. സായുധ സേനാ മന്ത്രി കാതറിൻ വോട്രൻ, വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരോ തുടങ്ങി പ്രമുഖരടങ്ങുന്ന ഉന്നതതല സംഘമാണ് മാക്രോണിനൊപ്പമുള്ളത്.