'ഫ്രണ്ട്‌സ്' സീരീസ് സംവിധായകൻ ജെയിംസ് ബറോസ് അന്തരിച്ചു; വിടവാങ്ങിയത് സിറ്റ് കോമുകളുടെ ഇതിഹാസം
ലോകമെമ്പാടുമുള്ള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിറ്റ് കോം പരമ്പരയായ 'ഫ്രണ്ട്‌സി'ന്റെ സംവിധായകൻ ജെയിംസ് ബറോസ് അന്തരിച്ചു. 85 വയസായിരുന്നു. ഫ്രണ്ട്‌സിന് പുറമെ ചീയേഴ്‌സ്, ടാക്‌സി, വിൽ ആൻഡ് ഗ്രേസ് തുടങ്ങിയ വിഖ്യാത ടെലിവിഷൻ കോമഡി സീരീസുകളുടെയും പിന്നിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ വിയോഗ വാർത്ത കുടുംബമാണ് സ്ഥിരീകരിച്ചത്.
ജനപ്രിയ സീരീസുകളിലൂടെ ടെലിവിഷൻ കോമഡികളുടെ ഗതിമാറ്റിയ സംവിധായകനാണെങ്കിലും ക്യാമറക്കണ്ണുകളിൽ നിന്നും എപ്പോഴും അകലം പാലിച്ച വ്യക്തിയായിരുന്നു ജെയിംസ് ബറോസ്. 1974-ൽ തന്റെ 35-ാം വയസിൽ 'ദ മേരി ടെയ്‌ലർ മൂർ ഷോ'യിലൂടെയാണ് അദ്ദേഹം കരിയർ ആരംഭിക്കുന്നത്. പിന്നീട് ചീയേഴ്‌സ്, വിൽ ആൻഡ് ഗ്രേസ്, ഫ്രണ്ട്‌സ്, മൈക്ക് ആൻഡ് മോളി തുടങ്ങിയ ജനപ്രിയ പരമ്പരകൾ ഒരുക്കി. പ്രശസ്ത സിറ്റ് കോമുകളായ 'ടു ആൻഡ് എ ഹാഫ് മെൻ', 'ദ ബിഗ് ബാങ് തിയറി' എന്നിവയുടെ പൈലറ്റ് എപ്പിസോഡുകൾ സംവിധാനം ചെയ്തതും ബറോസ് ആയിരുന്നു.
ടെലിവിഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന പ്രൈം ടൈം എമ്മി പുരസ്കാരം 11 തവണയാണ് അദ്ദേഹം മികച്ച സംവിധായകനായി സ്വന്തമാക്കിയത്. ഇതിന് പുറമെ അഞ്ച് തവണ ഡയറക്ടേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക അവാർഡുകളും നേടി. ടെലിവിഷൻ സംവിധാന രംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2015-ൽ ഡയറക്ടേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.