ഫ്യുവൽ മീറ്റർ തകരാർ; സൗദിയിൽ സുസുക്കി ഗ്രാൻഡ് വിറ്റാര വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു
ഫ്യുവൽ ലെവൽ മീറ്ററിലെ തകരാറിനെ തുടർന്ന് സുസുക്കി ഗ്രാൻഡ് വിറ്റാര (Suzuki Grand Vitara) മോഡലിന്റെ 339 വാഹനങ്ങൾ തിരിച്ചുവിളിച്ച് സൗദി വാണിജ്യ മന്ത്രാലയം. 2025 മോഡൽ വാഹനങ്ങളാണ് മന്ത്രാലയം ഇപ്പോൾ റീകോൾ ചെയ്തിരിക്കുന്നത്.
വാഹനത്തിന്റെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലുള്ള സാങ്കേതിക തകരാർ കാരണം ഇന്ധനത്തിന്റെ അളവ് കൃത്യമല്ലാതെ കാണിക്കുന്നതാണ് പ്രധാന പ്രശ്നം. ഇന്ധനം തീരുന്നത് ഡ്രൈവർമാർ അറിയാതെ പോകുന്നതിലൂടെ വാഹനം റോഡിൽ അപ്രതീക്ഷിതമായി നിന്നുപോകാനും, ഇത് വലിയ അപകടങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ടെന്ന് മന്ത്രാലയം അധികൃതർ ചൂണ്ടിക്കാട്ടി.
തങ്ങളുടെ വാഹനം ഈ റീകോൾ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വാണിജ്യ മന്ത്രാലയം ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി Recalls.sa എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് വാഹനത്തിന്റെ ചേസിസ് നമ്പർ (Vehicle Identification Number - VIN) നൽകി വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. തകരാർ സൗജന്യമായി പരിഹരിക്കാൻ ബന്ധപ്പെട്ട ഏജൻസികളുമായി ഉടമകൾക്ക് ബന്ധപ്പെടാം.