ഫുജൈറ അപകടം: ട്രക്ക് ഗതാഗതക്കുരുക്ക് അറിയിക്കാൻ മൊബൈൽ മുന്നറിയിപ്പ് സംവിധാനവുമായി പൊലീസ്
14 പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ ട്രക്ക് അപകടത്തിന് പിന്നാലെ റോഡ് സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി പുതിയ മുന്നറിയിപ്പ് സംവിധാനവുമായി ഫുജൈറ പൊലീസ്. ട്രക്കുകളുടെ തിരക്കുള്ളതും ഗതാഗതക്കുരുക്കുള്ളതുമായ റോഡുകളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ വാഹന ഡ്രൈവർമാർക്ക് മൊബൈൽ ഫോൺ വഴി മുന്നറിയിപ്പ് സന്ദേശം നൽകുന്ന സംവിധാനത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. വേഗത കുറയ്ക്കുക, മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുക തുടങ്ങിയ നിർദേശങ്ങളായിരിക്കും സന്ദേശത്തിലുണ്ടാകുക. മൂടൽമഞ്ഞും ദൂരക്കാഴ്ച കുറവുമുള്ള സാഹചര്യങ്ങളിൽ നൽകുന്ന ജാഗ്രതാ നിർദേശങ്ങൾക്ക് സമാനമായ രീതിയിലാണ് ഈ സംവിധാനവും പ്രവർത്തിക്കുന്നത്.
‘മുന്നറിയിപ്പ്... മുന്നിൽ ട്രക്കുകളുടെ തിരക്കുണ്ട്. വേഗം കുറയ്ക്കുക, സുരക്ഷിത അകലം പാലിക്കുക’ എന്ന സന്ദേശം അറബി, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിലാണ് ഡ്രൈവർമാർക്ക് ലഭിക്കുക. ഡ്രൈവർമാർ പ്രത്യേകമായി വിവരങ്ങൾ തിരയാതെ തന്നെ തത്സമയം സന്ദേശം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ദിവസങ്ങൾക്ക് മുമ്പ് ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ അഞ്ച് ട്രക്കുകൾ ഉൾപ്പെടെ 18 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 14 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അപകടത്തിൽ പരിക്കേറ്റ പത്തുപേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അപകടത്തിന് കാരണക്കാരനെന്ന് സംശയിക്കുന്ന ട്രക്ക് ഡ്രൈവറും ചികിത്സയിലുള്ളവരിൽ ഉൾപ്പെടുന്നു. ഇവരിൽ ചിലരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റിയിട്ടുണ്ട്. മൊബൈൽ മുന്നറിയിപ്പ് സംവിധാനത്തിന് പുറമെ ട്രക്കുകളുടെ തിരക്കേറിയ റോഡുകളിൽ പൊലീസ് പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് പതിവുള്ള മേഖലകൾ കണ്ടെത്തുക, വാഹനങ്ങളുടെ നീക്കം കൃത്യമായി നിയന്ത്രിക്കുക, അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ അടിയന്തരമായി ഇടപെടുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ട്രക്കുകൾ കൂടുതലായി സഞ്ചരിക്കുന്ന പാതകളിലും ഗതാഗതക്കുരുക്കുള്ള ഇടങ്ങളിലും ഡ്രൈവർമാർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു.