ഫുജൈറ വാഹനാപകടം: അന്വേഷണം പ്രഖ്യാപിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
14 പേരുടെ ജീവനെടുത്ത ഫുജൈറ വാഹനാപകടത്തിൽ യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം പ്രഖ്യാപിച്ചു. അപകടവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ ആശുപത്രിയിൽ വെച്ച് റിമാൻഡ് ചെയ്യുകയും ഇയാളുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി ശൈഖ് ഖലീഫ റോഡിൽ തുടർച്ചയായ രണ്ട് അപകടങ്ങളാണ് ഉണ്ടായത്. നിർത്തിയിട്ടിരുന്ന ട്രക്കിൽ മറ്റൊരു വാഹനം ഇടിച്ചാണ് ആദ്യ അപകടം സംഭവിച്ചത്. ഷിപ്പിങ് കണ്ടെയ്നറുമായി എത്തിയ ട്രക്ക് മറ്റ് വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞാണ് രണ്ടാമത്തെ അപകടമുണ്ടായത്. ഈ അപകടത്തിന് ഇടയാക്കിയ ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്ത ശേഷമാണ് ആശുപത്രിയിൽ തന്നെ റിമാൻഡ് ചെയ്തത്. ഇയാളുടെ പാസ്പോർട്ട്, ലൈസൻസ് തുടങ്ങിയ രേഖകളും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്.
അപകടത്തിൽ തകർന്ന എല്ലാ വാഹനങ്ങളും വിദഗ്ധർ പരിശോധിക്കുമെന്നും, രണ്ട് അപകടങ്ങളെയും കുറിച്ച് സമഗ്രമായ പരിശോധനാ റിപ്പോർട്ട് തയ്യാറാക്കുമെന്നും അധികൃതർ അറിയിച്ചു. മരണപ്പെട്ടവരുടെ മരണകാരണം വ്യക്തമാകുന്നതിനായി ഫോറൻസിക് പരിശോധന നടത്തും. കൂടാതെ, മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്തുന്നുണ്ടെന്നും ഇതിലേക്കായി ബന്ധുക്കളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.