'ഫുറാത്ത്' ന്യൂനമർദ്ദം ശക്തമാകുന്നു; ഒമാനിലും സൗദിയിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
പശ്ചിമേഷ്യയിൽ കാലാവസ്ഥാ വ്യതിയാനം തുടരുന്നതിനിടെ ഒമാനിലും സൗദി അറേബ്യയിലും വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി. 'ഫുറാത്ത്' ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ ഇടിയോട് കൂടിയ മഴ ശക്തമാകാനാണ് സാധ്യത.
സൗത്ത് അഷ്‌ഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലും ദോഫാർ ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിലുമാണ് പ്രധാനമായും മഴ മുന്നറിയിപ്പുള്ളത്. അടുത്ത മണിക്കൂറുകളിൽ ഈ മേഖലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനം നിരീക്ഷിച്ചു വരികയാണെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു.
സൗദി അറേബ്യയിൽ കൂടുതൽ മഴ
സൗദി അറേബ്യയിൽ ഏപ്രിൽ മാസത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി അറിയിച്ചു. രാജ്യത്ത് മഴക്കാലം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നത് ഏപ്രിലിലാണ്. ഈ വർഷം മിക്ക പ്രദേശങ്ങളിലും ശരാശരിയിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം തന്നെ ചിലയിടങ്ങളിൽ താപനില സാധാരണയേക്കാൾ ഒരു ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിക്കാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഗൾഫ് മേഖലയിൽ പൊതുവെ അസ്ഥിരമായ കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ യാത്രികരും താമസക്കാരും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.