ജി7 ഉച്ചകോടിക്ക്​ പാരീസിൽ തുടക്കം; സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പങ്കെടുക്കുന്നു

 

ആഗോള സുരക്ഷാ ഭീഷണികളും സമുദ്ര ഗതാഗത മേഖലയിലെ വെല്ലുവിളികളും മുഖ്യ അജണ്ടയാക്കി ജി7 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ഫ്രാൻസിൽ തുടക്കമായി. പാരീസിനടുത്തുള്ള വോ ഡി സെർണിയിൽ നടക്കുന്ന ഈ നിർണ്ണായക സമ്മേളനത്തിൽ സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പങ്കെടുത്തു. ഉച്ചകോടിയുടെ ഭാഗമായി നടന്ന ‘അതിർത്തി കടന്നുള്ള ഭീഷണികളും പരമാധികാരവും’ എന്ന പ്രത്യേക സെഷനിൽ അദ്ദേഹം സംസാരിച്ചു.

വിവിധ ആഗോള ഭീഷണികളെ നേരിടാൻ രാജ്യങ്ങൾക്കിടയിൽ ദ്രുതഗതിയിലുള്ള ഏകോപനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത യോഗം ചർച്ച ചെയ്തു. നാവിക-തുറമുഖ സുരക്ഷ വർധിപ്പിക്കുക, സമുദ്ര ഗതാഗതത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുക, അതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങളെ അടിച്ചമർത്തുക തുടങ്ങിയ വിഷയങ്ങൾക്കും യോഗത്തിൽ മുൻഗണന ലഭിച്ചു. കൂടാതെ, ആഗോള സമ്പദ്‌വ്യവസ്ഥയിൽ നിർണ്ണായകമായ ലോഹങ്ങളുടെയും ധാതുക്കളുടെയും വിതരണ ശൃംഖല സുരക്ഷിതമാക്കുന്നതിനെക്കുറിച്ചും മന്ത്രിമാർ ചർച്ച നടത്തി. സമ്മേളനത്തിന്റെ തുടക്കത്തിൽ ജി7 വിദേശകാര്യമന്ത്രിമാർക്കൊപ്പം ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോയിലും അദ്ദേഹം പങ്കുചേർന്നു.