ജി.സി.സി റെയിൽ നിർമാണത്തിന് അതിവേഗം; 2030 ഡിസംബറോടെ പദ്ധതി യാഥാർത്ഥ്യമാക്കാൻ ലക്ഷ്യം
ഗൾഫ് രാജ്യങ്ങളുടെ സംയുക്ത സ്വപ്നപദ്ധതിയായ ജി.സി.സി റെയിൽവേ ശൃംഖലയുടെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. മധ്യപൂർവേഷ്യൻ മേഖലയിലെ ഗതാഗത-ലോജിസ്റ്റിക്സ് മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഈ ബൃഹദ് പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ജി.സി.സി റെയിൽവേ ലിങ്കേജ് പദ്ധതിയുടെ 50 ശതമാനത്തോളം നിർമാണ ജോലികൾ ഇതിനകം പൂർത്തിയായതായി ജി.സി.സി റെയിൽവേ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അൽ ശബർമി വ്യക്തമാക്കി.
വരുന്ന 2030 ഡിസംബർ അവസാനത്തോടെ പദ്ധതി പൂർണ്ണമായും പ്രവർത്തനക്ഷമമാക്കാനാണ് റെയിൽവേ അതോറിറ്റി ലക്ഷ്യമിടുന്നത്. ആറ് ഗൾഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന 1,700 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഈ റെയിൽ ശൃംഖലയിൽ പാസഞ്ചർ ട്രെയിനുകൾക്കും ചരക്ക് ട്രെയിനുകൾക്കും വ്യത്യസ്ത വേഗതയാണ് നിശ്ചയിച്ചിരിക്കുന്നത്. യാത്രാ ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കുമ്പോൾ, ചരക്ക് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 80 മുതൽ 120 കിലോമീറ്റർ വരെയായിരിക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ആറ് ജി.സി.സി രാജ്യങ്ങളെയും ഒരൊറ്റ ട്രാക്കിൽ ബന്ധിപ്പിച്ചാണ് ഈ അന്താരാഷ്ട്ര റെയിൽവേ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ഓരോ രാജ്യത്തിലെയും പ്രാദേശിക റെയിൽവേ ശൃംഖലകളുമായി സംയോജിപ്പിച്ചായിരിക്കും ഇതിന്റെ പ്രവർത്തനം. ഒപ്പം ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ തുറമുഖങ്ങളുമായും തന്ത്രപ്രധാന ലോജിസ്റ്റിക്സ് കേന്ദ്രങ്ങളുമായും റെയിൽവേയെ ബന്ധിപ്പിക്കുന്നതോടെ അംഗരാജ്യങ്ങൾക്കിടയിലെ ചരക്കുനീക്കവും യാത്രക്കാരുടെ യാത്രയും ഒരേപോലെ എളുപ്പമാകും.
വിമാനയാത്രയെയും റോഡ് മാർഗമുള്ള ദീർഘദൂര യാത്രകളെയും അപേക്ഷിച്ച് ഒട്ടും പരിസ്ഥിതി മലിനീകരണമില്ലാത്തതും അതീവ സുരക്ഷിതവുമായ യാത്രാമാർഗമായി ജി.സി.സി റെയിൽ മാറും. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പദ്ധതി വലിയ മുതൽക്കൂട്ടാകും. ജി.സി.സി റെയിൽവേ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ സംയുക്ത വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞദിവസം ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവിയുടെ അധ്യക്ഷതയിൽ ചേർന്ന ഇകണോമിക് ആൻഡ് ഡെവലപ്മെന്റ് മന്ത്രാലയ സമിതിയുടെ യോഗത്തിൽ അന്തിമ തീരുമാനമായിരുന്നു.