ജി.സി.സി റെയിൽവേ പദ്ധതി പൊതു കരാർ ഒപ്പുവെച്ചു: സുപ്രധാന ചുവടുവെപ്പുമായി ഗൾഫ് രാജ്യങ്ങൾ

 

ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഗതാഗത-വാണിജ്യ ബന്ധങ്ങളിൽ നിർണ്ണായക നാഴികക്കല്ലാകുന്ന ജി.സി.സി റെയിൽവേ പദ്ധതിയുടെ പൊതു കരാറിൽ അംഗരാജ്യങ്ങൾ ഒപ്പുവെച്ചു. ബഹ്റൈനിൽ നടന്ന ജി.സി.സി രാജ്യങ്ങളിലെ ഗതാഗത മന്ത്രിമാരുടെ 30-ാമത് പൊതു യോഗത്തിലാണ് ചരിത്രപരമായ കരാറൊപ്പിടൽ നടന്നത്. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ചടങ്ങിൽ നേതൃത്വം വഹിച്ചു.

'ഗൾഫ് റെയിൽവേ അതോറിറ്റി'യുമായി ഏകോപിപ്പിച്ച് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് കരാർ ലക്ഷ്യമിടുന്നത്. റെയിൽവേ മേഖലയെ നിയന്ത്രിക്കുക, അംഗരാജ്യങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുക എന്നിവയാണ് അതോറിറ്റിയുടെ പ്രധാന ചുമതലകൾ.

ആറ് ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന 2,117 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ പാത കുവൈത്തിൽ നിന്ന് ആരംഭിച്ച് സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ വഴി ഒമാനിൽ അവസാനിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ഗൾഫ് രാജ്യങ്ങൾക്കിടയിലെ യാത്രാ-ചരക്ക് നീക്കം, ലോജിസ്റ്റിക്സ്, വ്യാപാരം, ടൂറിസം മേഖലകളിൽ വൻ കുതിച്ചുചാട്ടമുണ്ടാകും.