ജിഡിആർഎഫ്എ 'ക്രിയേറ്റീവ് ടാലന്റ് കെയർ' ഡിപ്ലോമ; എട്ടാം ബാച്ചിന്റെ ബിരുദദാന ചടങ്ങ് ദുബായിൽ നടന്നു

 

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) ദുബായ് സംഘടിപ്പിച്ച 'ക്രിയേറ്റീവ് ടാലന്റ് കെയർ' ഡിപ്ലോമയുടെ എട്ടാം ബാച്ചിന്റെ ബിരുദദാന ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി (RIT) സഹകരിച്ച് നടത്തിയ മൂന്ന് മാസത്തെ തീവ്ര പരിശീലനത്തിനൊടുവിൽ 35 ഉദ്യോഗസ്ഥരാണ് ഇത്തവണ വിജയകരമായി കോഴ്സ് പൂർത്തിയാക്കിയത്.

സർക്കാർ സേവനങ്ങളിൽ നൂതന മാറ്റങ്ങൾ കൊണ്ടുവരുന്നതിനും ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തതാണ് ഈ ഡിപ്ലോമ. തിയറി ക്ലാസുകൾക്കൊപ്പം പ്രായോഗിക പരിശീലനത്തിനും മുൻഗണന നൽകുന്ന കോഴ്സിന്റെ ഭാഗമായി, സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്ന 5 പുതിയ പ്രോജക്റ്റുകൾ ബിരുദധാരികൾ ചടങ്ങിൽ അവതരിപ്പിച്ചു. കഴിവുള്ള പ്രതിഭകളെ കണ്ടെത്താനും അവരുടെ ആശയങ്ങളെ പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റാനും ഈ പ്രോഗ്രാം സഹായിക്കുന്നുവെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

ജിഡിആർഎഫ്എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി ഡയറക്ടർ ജനറൽ ഹെസ്സ ബിൻത് ഈസ ബുഹുമൈദ്, സുപ്രീം ലെജിസ്ലേഷൻ കമ്മിറ്റി സെക്രട്ടറി ജനറൽ അഹമ്മദ് സയീദ് ബിൻ മെഷർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ഭാവിയിലെ ആവശ്യങ്ങൾക്കനുസരിച്ച് സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉദ്യോഗസ്ഥരെ ശാക്തീകരിക്കുന്നതിനുമുള്ള ജിഡിആർഎഫ്എയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഡിപ്ലോമ കോഴ്‌സ് സംഘടിപ്പിച്ചു വരുന്നത്.